നാല്‍പതാണ്ടിന്റെ പ്രവാസത്തിന് വിരാമമിട്ട് മുഹമ്മദ് കുട്ടി നാട്ടിലേക്ക്

ജിദ്ദ: നാല് പതിറ്റാണ്ട് മറ്റുള്ളവര്‍ക്ക് ഭക്ഷണം വെച്ചുവിളമ്പിയ കൈപുണ്യം പ്രവാസത്തില്‍നിന്നും വിരാമമിടുന്നു. മുഹമ്മദ് കുട്ടി ചെമ്മാട് കളിയാട്ടുമുക്കിനെ സ്‌നേഹിക്കുന്നവര്‍ ഒത്തുചേര്‍ന്ന് ഹൃദ്യമായ യാത്രയപ്പ് നല്‍കി.

ആയിരത്തി തൊള്ളായിരത്തി എഴുപത്തിഒന്‍പതില്‍ തന്റെ ഇരുപതാമത്തെ വയസ്സിലാണ് മുഹമ്മദ് കുട്ടി സൗദിയിലെത്തുന്നത്. പെങ്ങളുടെ ഭര്‍ത്താവ് ബംങ്കളൂരുവില്‍ അപകടത്തില്‍ മരണപ്പെട്ടത് നാല് പെണ്‍കുട്ടികളെ അനാഥമാക്കി. ഇത് വലിയൊരു ഭാരമായപ്പോഴാണ് ഗള്‍ഫിലേക്ക് വിമാനം കയറിയത്. ആ നാല് മക്കള്‍ക്കും മാന്യമായി വിദ്യാഭ്യാസവും വിവാഹം കഴിപ്പിച്ചയക്കുവാനുമായി എന്ന ചാരിദാര്‍ഥ്യത്തോടെയാണ് മുഹമ്മദ് കുട്ടിയുടെ മടക്കം.

ഇരുപതാമത്തെ വയസ്സില്‍ സൗദിയിലെ പ്രവാസത്തിലെത്തി അഞ്ചു വര്‍ഷത്തിനുശേഷമാണ് ആദ്യം നാട്ടിലേക്ക് തിരികെ പോയത്. വിവാഹം കഴിച്ച് വീണ്ടും സൗദിയിലെത്തി. പ്രവാസത്തിനിടയില്‍ അവധിക്കായി നാട്ടിലെത്തി ഇതുവരെയായി മൊത്തം കുടുംബത്തോടൊപ്പം ചെലവിട്ട നാളുകള്‍ രണ്ട് വര്‍ഷവും ഏഴു മാസവും മാത്രം. ഇതിനിടയില്‍ ഒരു പെണ്‍കുട്ടിയും രണ്ടു ആണ്‍ കുട്ടികളും പിറന്നു. പ്രവാസത്തിലെ ആദ്യത്തെ അഞ്ചു വര്‍ഷം കൊണ്ട് കുടുംബത്തിനു വേണ്ടി ഒരു തറവാട് വീട് പണിതു. തുടര്‍ന്ന് ഓഹരി കിട്ടിയ ഏഴു സെന്റില്‍ നാല് കൊല്ലം കൊണ്ട് മറ്റൊരു വീട് വെച്ചു. പണി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. പെണ്‍കുട്ടികളെ കെട്ടിച്ചയച്ചു. സൗദിയില്‍ കുന്‍ഫുദയില്‍ മകന്‍ ജോലിയിലുണ്ട്.

‘നാട്ടിലെത്തി വല്ല തട്ടുകടയോ മറ്റോ തുടങ്ങി അവശേഷിക്കുന്ന കാലത്തെ ജീവിത മാര്‍ഗം കണ്ടെത്തണം. പടച്ചോനെത്തിച്ചിട്ട് പ്രമേഹവും പ്രഷറും ഇല്ല. അല്‍ഹംദുലില്ലാഹ്”,  ആത്മവിശ്വാസം തുളുമ്പുന്ന ലാളിത്യത്തോടെ പ്രാര്‍ത്ഥനാനിര്‍ഭരമായ മുഹമ്മദ് കുട്ടിയുടെ വാക്കുകള്‍.

മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.ടി.പി അബ്ദുല്ലയ്ക്ക് വിഭവ സമൃദ്ധമായ ആഹാരം വെച്ച് വിളമ്പിയതിന്റെ അഭിമാനകരമായ മധുര സ്മരണയുമായാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. മദ്രാസ്, ചെന്നൈ, ജിദ്ദയില്‍ കെ.ജി വില്ല, ഫോക്കസ് വില്ല, ബാബ് മക്ക വില്ല, ശറഫിയ്യ വില്ല, ഇസ്‌ലാാഹി സെന്റര്‍ വില്ല എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

ഐ.ഐ.സി.ജെ മെസ് ഫാമിലി ടീ ഒരുക്കിയ യാത്രയയപ്പില്‍ ലിയാഖത്തലി അദ്ധ്യക്ഷത വഹിച്ചു. ഡോ. ഇസ്മായീല്‍ മരിതേരി ചടങ്ങ് ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും എടത്തി. ശമീര്‍ സ്വലാഹി പന്തലിങ്ങല്‍, കമറുദ്ധീന്‍ കവുങ്ങിലെപടി, അബു നാസര്‍ വളാഞ്ചേരി, മുഹമ്മദലി എടക്കര, മുഹമ്മദ് സുല്ലമി ആര്യന്‍ തൊടിക, അബൂബക്കര്‍ പട്ടിക്കാട്, നസീഫ് അക്രൂ എടവണ്ണ, അന്‍വര്‍ പാലോട്ട് കണ്ണൂര്‍, അബ്ദുല്‍ ജലീല്‍ സി.എച്ച് തിരൂരങ്ങാടി, എഞ്ചിനീയര്‍ നൗഫല്‍ കൊച്ചി, എഞ്ചിനീയര്‍: സഫ്വാന്‍ ചേളാരി, ജംഷീര്‍ കെ സി കുറ്റൂളി, സൈനുദ്ധീന്‍ കരുവാരകുണ്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ റഷീദ് അന്‍സാരി സ്വാഗതവും ഗഫൂര്‍ എടക്കര നന്ദിയും പറഞ്ഞു.