താമസ കെട്ടിടങ്ങളോടനുബന്ധിച്ച് ബിസിനസ്സ് സ്ഥാപനങ്ങള്‍ നടത്തുന്നത് തടയും

ജിദ്ദയിലെ എല്ലാ പാര്‍പ്പിട സമുച്ചയത്തിലും നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സുരക്ഷാ പരിശോധനകള്‍  നടത്തും.

ജിദ്ദ: പാര്‍പ്പിട സമുച്ചയത്തിലും അതോനോടനുബന്ധിച്ചുള്ള കോംബൗണ്ടിലും നിര്‍ണ്ണയിച്ചിട്ടുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിക്കുവാന്‍ പാര്‍പ്പിട സമുച്ചയ ഉടമകളോടും അത് നടത്തികൊണ്ടുപോകുന്നവരോടും ജിദ്ദ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അറിയിച്ചു. ‘ഈജാര്‍’ സംവിധാനത്തിലൂടെ കരാര്‍ പൂര്‍ത്തിയാക്കണമെന്നും ഫയര്‍ ആന്റ് സേഫ്റ്റി, തൊഴിലാളികള്‍, വിദേശികള്‍, കെട്ടിടങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന മറ്റു കച്ചവട സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും മുന്‍കരുതലുകളും പൂര്‍ത്തിയാക്കണമെന്നും ജിദ്ദ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അറിയിച്ചു.

വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ജിദ്ദ ചേമ്പര്‍ സ്ഥാപന മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഈ നിര്‍ദ്ദേശമുള്ളത്.  പാര്‍പ്പിട സമുച്ചയത്തിലും അതിന്റെ കോമ്പൗണ്ടിലും  റെസ്‌റ്റോറന്റുകള്‍, കോഫീ ഷോപ്പുകള്‍, ക്ലബുകള്‍, ബഖാലകള്‍ തുടങ്ങിയ കച്ചവട സ്ഥാപനങ്ങള്‍ നടത്തുവാന്‍ അനുവദിക്കുന്നതല്ലെന്നും സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നു.

ജിദ്ദയിലെ എല്ലാ പാര്‍പ്പിട സമുച്ചയത്തിലും നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സുരക്ഷാ പരിശോധനകള്‍ നടത്തുമെന്നും ജിദ്ദ ചേമ്പര്‍ സര്‍ക്കുലറിലൂടെ മുന്നറിയിപ്പ് നല്‍കി. നഗരസഭയുടെ അനുമതി ഇല്ലാത്ത എല്ലാ കച്ചവട സ്ഥാപനങ്ങളും വിനോദ കേന്ദ്രങ്ങളും അടച്ചുപൂട്ടും. അപ്പാര്‍ട്ട്‌മെന്റ് കോംപ്‌ളക്‌സുകളില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് നഗരസഭയുടെ അംഗീകാരം വാങ്ങണമെന്നും ജിദ്ദ ചേമ്പര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇത്തരം അപ്പാര്‍ട്ടുമെന്റുകളില്‍ സ്വദേശിയായ മാനേജരെയും സുരക്ഷാ ഉദ്യോഗസ്ഥനെയും   നിശ്ചയിക്കണമെന്നും ജിദ്ദ ചേമ്പര്‍ ആവശ്യപ്പെട്ടു.