നിയമ ലംഘകര്‍ക്ക് സഹായം നല്‍കുന്നത് ഗുരുതര തെറ്റെന്ന് പാസ്‌പോര്‍ട്ട് വിഭാഗം

ഹുറൂബിലുള്ളവര്‍ പിടിക്കപ്പെട്ടാല്‍ ആറു മാസം തടവും 50,000 റിയാല്‍ പിഴയും
ഹുറൂബുകാരെ സംരക്ഷിക്കുന്നവരും ശിക്ഷിക്കപ്പെടും.

ജാഫര്‍

റിയാദ്: സ്‌പോണ്‍സര്‍മാര്‍ ഹുറൂബാക്കുന്ന വിദേശികള്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായാല്‍ നിയമാനുസൃത ശിക്ഷ ചുമത്തപ്പെടുമെന്ന് സൗദി പാസ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. ഇത്തരം സാഹചര്യത്തില്‍ ആറു മാസം ജയില്‍ ശിക്ഷയും 50,000 റിയാല്‍ പിഴയും അടക്കേണ്ടിവരും. കൂടാതെ ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തുകയും രാജ്യത്തേക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുമെന്നും പാസ്സ്‌പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

തന്റെ തൊഴിലാളിയെ ഹുറൂബാക്കിയാല്‍ ‘അബഷിര്‍” വഴി അത് റദ്ദ് ചെയ്യുവാന്‍ സ്‌പോണ്‍സര്‍മാര്‍ക്ക് കഴിയില്ല. മറിച്ചു ഹുറൂബ് റജിസ്റ്റര്‍ ചെയ്ത് 15 ദിവസത്തിനകം വിദേശികളുടെ വിഭാഗവുമായി ബന്ധപ്പെടണമെന്നും പാസ്സ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.

താമസ തൊഴില്‍ നിയമം ലംഘിക്കുന്ന വിദേശികള്‍ക്ക് അഭയം നല്‍കുകയോ വാഹനത്തില്‍ കയറ്റുകയോ അവരെക്കൊണ്ട് തൊഴിലെടുപ്പിക്കുകയോ അവര്‍ ഉള്ള വിവരം മറച്ചുവെക്കുകയോ അവര്‍ക്ക് മറ്റേതെങ്കിലും സഹായം നല്‍കുകയോ ചെയ്താല്‍ ആറു മാസം തടവും ഒരു ലക്ഷം റിയാല്‍ പിഴയും വിദേശിയാണെങ്കില്‍ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തലും ശിക്ഷയായി ലഭിക്കും. നിയമ ലംഘകരുടെ എണ്ണമനുസരിച്ചു പിഴ സംഖ്യ വര്‍ദ്ധിക്കുന്നതായിരിക്കും.

ഹുറൂബില്‍ അകപ്പെട്ട തൊഴിലാളികളെ ഉപയോഗിച്ച് തൊഴിലെടുക്കുന്നതിനെതിരെ സ്ഥാപന മേധാവികളോട് പാസ്‌പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അത്തരം സ്ഥാപന ഉടമകള്‍ക്ക് ആറു മാസം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ശിക്ഷയായി ലഭിക്കും.

കൂടാതെ അഞ്ച് വര്‍ഷത്തേക്ക് വിസ നിഷേധിക്കുകയും പുതിയ തൊഴിലാളികളെ കൊണ്ടുവരുന്നതില്‍ നിന്നും തടയുകയും സ്ഥാപനത്തെ സ്വന്തം ചിലവില്‍ പരസ്യപ്പെടുത്തുകയും ഉത്തരവാദപ്പെട്ട മാനേജരെ ഒരു വര്‍ഷം തടവും വിദേശിയാണെങ്കില്‍ ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തുകയും ചെയ്യും.

രാജ്യത്തെ തൊഴില്‍ താമസ നിയമം ലംഘിക്കുന്ന വിദേശികളെ കുറിച്ചുള്ള (പ്രത്യേകിച്ചു ഹുറൂബ് രേഖപ്പെടുത്തപ്പെട്ട വീട്ടു ജോലിക്കാരും മറ്റു തൊഴിലാളികളും) വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്ന് രാജ്യത്തുള്ള എല്ലാ സ്വദേശികളോടും വിദേശികളോടും സൗദി പാസ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അല്ലാത്തപക്ഷം ഹൂറൂബുകാരെ സംരക്ഷിക്കുന്നവരും ഉത്തരവാദിയാവുമെന്നും നിയമത്തിനു മുന്നില്‍ വരേണ്ടിവരുമെന്നും പാസ്‌പോര്‍ട്ട് വിഭാഗം പറഞ്ഞു.