കണ്ണൂരില്‍ വീണ്ടും സിപിഎം അതിക്രമം

കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ വധശ്രമം കൈയ്യും കാലും തല്ലിയൊടിച്ചു
തലശ്ശേരി: പാട്യം മുതിയങ്ങയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനു നേരെ വീണ്ടും സി പി എം ഗുണ്ടാവിളയാട്ടം. പാട്യത്തെ ബിസ്മില്ല മന്‍സിലില്‍ എം സയ്യിദിനെ(45) ഇരുമ്പുവടികളും മറ്റു മാരകായുധങ്ങളുമായെത്തിയ സംഘം അതിക്രൂരമായി അക്രമിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.
വീടിനു സമീപത്തെ കടയില്‍ ചായകുടിച്ചുകൊണ്ടിരിക്കെ സയ്യിദ്ദിനെ സി പി എം സംഘം അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ഇടതു കൈയ്യുടെയും വലതു കാലിന്റെയും എല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭത്തിനുശേഷം കൂത്തുപറമ്പ് ആശുപത്രിയിലേക്കും അവിടെ നിന്നും തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്കും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം മുതിയങ്ങയില്‍ വെച്ച് സി പി എം സംഘം സയ്യിദിന്റെ കാര്‍ അക്രമിക്കുകയും കാറിന്റെ ചില്ലു തകര്‍ക്കുകയും കാറിലുണ്ടായിരുന്ന മകള്‍ ഫാത്തിമ സാഹിയ്ക്ക് കണ്ണിനു പരുക്കുമേറ്റിരുന്നു. കല്ലേറില്‍ കാറിന്റെ ചില്ല് തകര്‍ന്നത് കാരണം അയ്യായിരം രൂപയുടെ നാശനഷ്ടവും സംഭവിച്ചതായും പരാതിയുണ്ട്. കാറ് നിര്‍ത്തി കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരിച്ചു വരുമ്പോള്‍ പ്രതികള്‍ അന്യായമായി അതിക്രമം നടത്തിയതായാണ് പരാതി.
സംഭവത്തില്‍ സി പി എം പ്രവര്‍ത്തകരായ മുതിയങ്ങയിലെ സി ഷിനോജ് എന്ന മണി, കെ രാഗിന്‍, കെ രജീഷ്, എം വി ഷിജിന്‍ എന്നിവരെ കതിരൂര്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന്റെ വിരോധം കാരണമാകാം അക്രമത്തിന് കാരണമെന്ന് കരുതുന്നു. ഞായറാഴ്ച രാവിലെ ഉണ്ടായ അക്രമത്തില്‍ ആറോളം സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കതിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.






