ഡല്‍ഹിയില്‍ ശ്വാസം മുട്ടി ജനങ്ങള്‍; 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ആരോഗ്യ അടിയന്തരാവസ്ഥ തുടരും
ന്യൂഡല്‍ഹി: ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി. പുകമഞ്ഞ് രൂക്ഷമായ സാഹചര്യത്തില്‍ കാഴ്ചപരിമിതി മൂലം ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. നഗരത്തിന്റെ പല ഭാഗങ്ങളിലും രാത്രി ചെറിയ മഴ പെയ്‌തെങ്കിലും വായുനിലവാരം കൂടുതല്‍ മോശമായി. പുകമഞ്ഞ് പൂര്‍ണമായി മാറാന്‍ അഞ്ചുദിവസം കൂടി എടുക്കുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കു ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്ഘട്ട് കാണാന്‍ എത്തിയ ഒരു വിദേശ സഞ്ചാരി ഇരുപത് മിനിട്ട് നടക്കാനുണ്ടെന്ന് അറിയിച്ചപ്പോള്‍ അകത്തു കയറാതെ മടങ്ങി. കാറ്റിന്റെ ശക്തി കൂടിയതും ഡല്‍ഹിയുടെ ചില പ്രദേശങ്ങളില്‍ ചെറിയ തോതില്‍ മഴ ലഭിച്ചതും പുകമഞ്ഞില്‍നിന്നു പുറത്തുകടക്കാന്‍ ശനിയാഴ്ച സഹായിച്ചെങ്കിലും പ്രതിസന്ധി അകന്നിട്ടില്ലെന്നാണു കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.







