ജുബൈല്‍ എഫ്.സി സോക്കര്‍ അക്കാദമിയുടെ ഫുട്‌ബോള്‍ പരിശീലന ക്യാമ്പിന് തുടക്കമായി

ജുബൈല്‍: ജുബൈലിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബിന്റെ കീഴിലുള്ള സോക്കര്‍ അക്കാദമിയുടെ ഫുട്‌ബോള്‍ പരിശീലന ക്യാമ്പിന് ഇന്ത്യന്‍ എംബസി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ നൗഷാദ് അലി കിക്ക് ഓഫ് കര്‍മ്മം നിര്‍വഹിച്ചു.

പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്‌ബോള്‍ കളിയുടെ ടെക്‌നിക്കല്‍ വിദ്യഭ്യാസവും, ഫിറ്റ്‌നസ്സോടെയും പ്രൊഫഷണലായും കളിക്കാന്‍ കഴിയുന്ന പരിശീലനം നല്‍കി കുട്ടികളില്‍ നിന്ന് നല്ല ഫുട്‌ബോള്‍ കളിക്കാരെ വാര്‍ത്തെടുക്കാനുള്ള ജുബൈല്‍ എഫ് സിയുടെ ആതാര്‍ത്ഥമായ ഇടപെടലിനെ പ്രിന്‍സിപ്പല്‍ അഭിനന്ദിച്ചു. പ്രൊഫഷണല്‍ ഫുട്‌ബോള്‍ പ്‌ളെയറും ഇന്ത്യയിലെ വിവിധ ക്ലബ്ബുകളില്‍ കളിച്ചും കോച്ചിംഗ് നല്‍കിയും പരിചയസമ്പന്നനായ ജുബൈല്‍ എഫ് സിയുടെ കോച്ചുമായ മുഹമ്മദ് ഷിഫാറത്തിന്റെ നേതൃത്വത്തില്‍ ജുബൈല്‍ എഫ് സിയുടെ മറ്റ് മികച്ച പരിശീലനം ലഭിച്ച കളിക്കാരുടെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന ക്യാമ്പ് എല്ലാ വെള്ളിയാഴ്ചയും രാവിലെ നടക്കും.  ആറ് മുതല്‍ പതിനാറ് വയസ്സ് വരെയുള്ള ആണ്‍ കുട്ടികള്‍ക്കാണ് പ്രവേശനം. ജുബൈലിലെ പ്രവാസി സമൂഹത്തില്‍ നിന്ന് മികച്ച പ്രതികരണമാണ് ക്യാമ്പിന് ലഭിച്ചത്.

കിക്ക് ഓഫ് ദിനത്തിലെ പരിശീലനങ്ങള്‍ക്ക് ജുബൈല്‍ എഫ് സിയുടെ അനസ് വയനാട്,  ജാനിഷ്, ഇല്യാസ് മുല്യകുറുറ്റി, സലാം മഞ്ചേരി, മുസ്തഫ, വിപിന്‍ നിലമ്പൂര്‍, സുഹൈല്‍,  ജലീല്‍ മങ്കട, ഷാഫി പട്ടാമ്പി, ബാസില്‍, അജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിശീലന ക്യാമ്പില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ജുവയുടെ ചെയര്‍മാന്‍ നൂഹ് പാപ്പിനിശ്ശേരിയും ചടങ്ങില്‍ പങ്കെടുത്തു.  ജുബൈലിലെ ഫിഫ ടര്‍ഫ്  ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന ക്യാമ്പ് തികച്ചും മികച്ച ഒരു സോക്കര്‍ അനുഭവം ആണ് സമ്മാനിച്ചതെന്നു ചടങ്ങില്‍ പങ്കെടുത്ത രക്ഷിതാക്കള്‍ പറഞ്ഞു.