‘ജിദ്ദ ലിറ്റ് എക്‌സ്‌പോ’ക്ക് തുടക്കമായി: ബുക്ക് ഹറാജ് നവംബര്‍ 16ന്

ജിദ്ദ: പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും വായിച്ചു തീര്‍ന്ന പുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനെയും ലക്ഷ്യമിട്ട് ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ‘ജിദ്ദ ലിറ്റ് എക്‌സ്‌പോ’യുടെ ഔപചാരിക ഉദ്ഘാടനം  മുസാഫിര്‍ നിര്‍വഹിച്ചു.

പ്രമുഖ ഇന്ത്യന്‍ എഴുത്തുകാരനും പുസ്തക രചയിതാവുമായ ഓഷോ പുസ്തകങ്ങളെ സ്‌നേഹിച്ച രീതിയും, വായിച്ചു തീര്‍ത്ത പുസ്തകങ്ങളെ കുറിച്ചും മുസാഫിര്‍ വിശദീകരിച്ചു. ഇന്നത്തെ വിവര സാങ്കേതിക യുഗത്തില്‍ ഓഷോയെ പോലെയുളളവരുടെ പുസ്തക സ്‌നേഹം നമ്മള്‍ ഓരോരുത്തരും പിന്‍പറ്റാന്‍ ശ്രമിക്കണമെന്നും വായന മനുഷ്യനെ സംസ്‌കാര സമ്പന്നനാക്കുമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തിനെയും എഴുത്തുകാരെയും ഭയപ്പെടുന്ന ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജീവിക്കുന്ന നാം എഴുത്തും പുസ്തക വായനയും പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യതയാണെന്നും ഗവണ്‍മെന്റുകളുടെ ദൃശ്യ മാധ്യമ പ്രചാരണങ്ങളുടെ കുടിലതന്ത്രങ്ങളെയും അനീതികളെയും എഴുത്തിലൂടെ പ്രതികരിക്കുന്ന കാലം വരുമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ ഗോപി നെടുങ്ങാടി, മുസ്തഫ വക്കാലൂര്‍, നൗഷാദ് കരിങ്ങനാട്, ഷക്കീല്‍ ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഫോക്കസ് സി.ഇ.ഒ ജൈസല്‍ അബ്ദുറഹ്‌മാന്‍ നിയന്ത്രിച്ചു. സി. സലിം നന്ദി പറഞ്ഞു.

നവംബര്‍ 16നു ഷറഫിയ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ അങ്കണത്തില്‍ നടക്കുന്ന ബുക്ക് ഹറാജുമായി ബന്ധപ്പെട്ട് റീഡേഴ്‌സ് സമ്മിറ്റ്, ട്രാവലോഗ്, ഫോട്ടോ ഹട്ട്, കുക്കറി ഹട്ട് തുടങ്ങി വിവിധ സ്റ്റാളുകളും കുട്ടികള്‍ക്കടക്കം വിവിധയിനം മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ബുക്ക് ഹറാജുമായി ബന്ധപ്പെട്ട് പുസ്തകങ്ങള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 13നകം 0535857537, 0556957687 എന്നീ നമ്പറുകളില്‍ ബ്ധപ്പെടുകയോ http://focusjeddah.org/bookharaj എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.

ജിദ്ദ ലിറ്റ് എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തില്‍ 120 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മത്സര ഫലം നവംബര്‍ 8 ന് പ്രസിദ്ധീകരിക്കും. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ 16 ന് നടക്കുന്ന ബുക്ക് ഹരാജില്‍ വെച്ച് വിതരണം ചെയ്യും.