തബൂക്ക് വിന്റര്‍ ടി 10 കപ്പ് ടൂര്‍ണമെന്റിന് ആവേശകരമായ തുടക്കം

തബൂക്ക്: പ്രവാസ ലോകത്തെ ക്രിക്കറ്റ് പ്രേമികള്‍ക്ക് അത്യന്തം ആവേശം വിതറി ബ്ലൂ ബേര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഒരുമാസക്കാലം നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിനു തുടക്കം. ടുര്‍ണ്ണമെന്റിന്റെ ഔപചാരിക ഉത്ഘാടനം ഡോ: അബ്ദുല്‍ റഊഫ് നിര്‍വ്വഹിച്ചു.

പ്രവാസ ലോകത്തെ തിരക്കുകള്‍ക്കിടയിലും കായിക പ്രേമികളായ യുവാക്കളെ ഒരുമിച്ചുകൂട്ടി ബ്ലൂ ബേര്‍ഡ്‌സ് സംഘടിപ്പിക്കുന്ന ഇത്തരം കായിക മത്സരങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും വരും നാളുകളില്‍ ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള മറ്റ് കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുവാനും പ്രചോദനമാകട്ടെയെന്നും ഡോ: അബ്ദുല്‍ റഊഫ് പറഞ്ഞു. ഷാബു ഹബീബ്, ഉബൈസ് മുസ്തഫ, അരുണ്‍ കെ ബാബു, അലക്‌സ്, അഫ്‌സല്‍ തുടങ്ങി നിരവധി പേര്‍ ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ദേശീയ ഗാനാലാപനത്തോടെ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. തബൂക്കിലെ നിരവധി ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കാളികളാവുന്നത്. ആദ്യ ദിനത്തിലെ മത്സരങ്ങളില്‍ എവര്‍ഗ്രീന്‍ തബൂക്കിനെ അല്‍ മജാല്‍ ഇലവന്‍ ഒരു വിക്കറ്റിന് തോല്‍പിച്ചു. പിന്നീട് മില്ലേനിയം ക്രിക്കറ്റ് ക്ലബ്ബും ഇവ തബുക്കും തമ്മില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിന് ഇവ തബൂക്ക് വിജയിച്ചു. അതിനു ശേഷം ശ്രീലങ്കന്‍ ഇലവന്‍ 40 റണ്‍സിന് സ്റ്റാര്‍ മസീഫ് ഇലവണ്ണിനെയും തോല്‍പിച്ചു.

മത്സരങ്ങള്‍ സനില്‍കുമാര്‍, പ്രജിത്, റാഫി, ജോസ്, അനില്‍ എന്നിവര്‍ നിയന്ത്രിച്ചു. ടുര്‍ണ്ണമെന്റിലെ ജേതാക്കള്‍ക്ക് താസജ് ബ്രോസ്റ്റും കേരള ഹോട്ടലും നല്‍കുന്ന ക്യാഷ് അവാര്‍ഡും റസ്മിയ സ്‌റ്റോര്‍ നല്‍കുന്ന ട്രോഫിയും സമ്മാനിക്കും. റണ്ണേഴ്‌സ് അപ്പിന് റീം ഫുഡ്‌സും മാജിക് സ്‌റ്റോറും നല്‍കുന്ന ക്യാഷ് അവാര്‍ഡും അനില്‍ ടി പി എം സി നല്‍കുന്ന ട്രോഫിയും സമ്മാനിക്കും.