മതേതരത്വം പുലർത്തേണ്ടതും തെളിയിക്കേണ്ടതും പ്രവൃത്തിയിലാണ്‌: പി.കെ.കുഞ്ഞാലിക്കുട്ടി എം പി

അഫ്ഷിന്‍

റിയാദ്: വാക്കിലല്ല പ്രവൃത്തിയിലാണ്‌ മതേതരത്വം പുലർത്തേണ്ടതെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം പി. ജാതിയും മതവും നോക്കിയല്ല രാഷ്ട്രീയം നോക്കിയാണ്‌ ലീഗ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ചിട്ടുള്ളതെന്ന് എ കെ.ആന്റണി മുതൽ രാജ് മോഹൻ ഉണ്ണിത്താൻ വരെയുള്ള യു ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

ജാതിയും മതവും നോക്കി സ്ഥാനാർത്ഥികളെ നിശ്ചയിച്ച പല പാർട്ടികളും നാമാവശേഷമായി കൊണ്ടിരിക്കുമ്പോൾ ജനാതിപത്യ മാർഗ്ഗത്തിൽ രാഷ്ട്രീയത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് കൊണ്ട് ചിട്ടയായി പ്രവർത്തിച്ചതിനാൽ മുസ്ലീംലീഗ് ഇന്നും ശക്തമായി മുന്നേറുകയാണ്‌. സംസ്ഥാന, കേന്ദ്ര സർക്കാറുകളിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത ലീഗ് വർഗ്ഗീയമായോ വിഭാഗ‍ീയമായോ ഇന്നേ വരെ പ്രവർത്തിച്ചിട്ടില്ല. വർഗ്ഗീയ രാഷ്ട്രീയത്തിലൂടെ കേരളത്തിൽ വേരുറപ്പിക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയാണ്‌ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഫലമെന്നും അതിനായി ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങൾ നടത്തിയ യു ഡി എഫ് പ്രവർത്തകർ അഭിനന്ദനമർഹിക്കുന്നുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങൾക്കിടയിൽ അനിശ്ചിതത്വവും ആശങ്കയുമുണ്ടാക്കി ഭിന്നിപ്പിച്ച് ഭരിക്കാനുള്ള മോഡി സർക്കാറിന്റെ ശ്രമങ്ങൾ ജനാതിപത്യത്തിൽ വിശ്വസിക്കുന്ന ഇന്ത്യൻ ജനത തിരിച്ചറിഞ്ഞു തുടങ്ങി. മഹാരാഷ്ട്രയിൽ കോൺഗ്രസ് നടത്തിയ മുന്നേറ്റങ്ങൾ ഇതിന്റെ സൂചനയാണ്‌. അനുദിനം കരിനിയമങ്ങൾ കൊണ്ട് വന്ന് രാജ്യത്തിന്റെ ജനാതിപത്യ മൂല്യങ്ങളെ തുരങ്കം വെക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾ ഇനിയും രാജ്യത്ത് വിലപ്പോവില്ല. ഒഴുക്കിനെതിരെ നീന്തി ലക്ഷ്യസ്ഥാനത്തെത്തിയ പാരമ്പര്യമുള്ള മുസ്ലീം ലീഗിനെ സംബന്ധിച്ചിടത്തോളം ഏത് പ്രതിസന്ധിയെയും നേരിടാനുള്ള ചങ്കുറപ്പും ഇച്ഛാശക്തിയുമുണ്ട്. ഉപതെരഞ്ഞെടുപ്പ് ഫലം വീണ്ടും അധികാരത്തിലെത്താനുള്ള ജനവിധിയാണെന്ന് വിശ്വസിക്കുന്ന ഇടതു കക്ഷികൾ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ്‌. യു ഡി എഫ് കൂടുതൽ കെട്ടുറപ്പോടെയും ഐക്യത്തോടെയും രംഗത്തെത്തുമ്പോൾ എല്ലാ സ്വപ്നങ്ങളും വൃഥാവിലാവുമെന്നും അദ്ധേഹം ഓർമ്മപ്പെടുത്തി. റിയാദ് കെ.എം.സി.സി മെഗാ ഈവെന്റിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.