ജീവകാരുണ്യ രംഗത്ത് കെ എം സി സി പകരം വെക്കാനില്ലാത്ത പ്രസ്ഥാനം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

റിയാദ് കെ.എം.സി.സി മെഗാ ഈവന്റ് സമാപിച്ചു
അഫ്ഷിന്‍
റിയാദ്: സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന രംഗത്ത് കെ എം സി സി ലോകത്ത് പകരം വെക്കാനില്ലാത്ത പ്രസ്ഥാനമാണെന്ന് മുസ് ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെഗാ ഈവെന്റ് സീസൺ 4ന്റെ സമാപന മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ.

ഇതിനകം ലോക ശ്രദ്ധ നേടിയ സി എച്ച് സെന്റർ, ബൈത്തു റഹ് മ, ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ തുടങ്ങി മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ നടന്ന് വരുന്ന എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സർവ്വവിധ പിന്തുണയും സാമ്പത്തിക സ്ത്രോതസ്സും കെ എം സിയാണ്. കുടുംബ സുരക്ഷാ പദ്ധതികൾ, വിവാഹ, ചികിത്സാ, വിദ്യാഭ്യാസ സഹായങ്ങൾ അടക്കം നിരവധി ആശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കെ എം സി സി ഹജ്ജ് വളണ്ടിയർ സേവന രംഗത്തും നടത്തി വരുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്.
രാജ്യത്ത് വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ മതേതര വിശ്വാസികളുടെ ഐക്യ നിര ശക്തിപ്പെടുമെന്നും അതിനായി മുസ്ലീം ലീഗ് തങ്ങളുടേതായ ഭാഗധേയം നിർവ്വഹിക്കുമെന്നും തങ്ങൾ പറഞ്ഞു. ഐക്യത്തോടെ പ്രവർത്തിച്ചാൽ അതിന്റെ ഫലം സുനിശ്ചിത വിജയമായിരിക്കുമെന്നും മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് വിജയത്തെ പരാമർശിച്ച് തങ്ങൾ ചൂണ്ടിക്കാട്ടി.
സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. മെഗാ ഈവെന്റ് ചരിത്ര വിജയമായി മാറിയതിന്റെ സന്തോഷം പങ്കിടുന്നതിനായി പ്രത്യേകം തയ്യാറാക്കിയ കേക്ക് മുസ് ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുറിച്ചു നേതാക്കളും പ്രവർത്തകരുമായി പങ്കിട്ടു.
റിയാദ് കെ എം സി സി കർമ്മ പുരസ്കാരം സൗദി കെ എം സി സി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ് കുട്ടിക്കും കർമ്മ ശ്രേഷ്ട പുരസ്കാരം സി എച്ച് മഹ്മൂദ് ഹാജിക്കും കർമ്മ രത്ന പുരസ്കാരം മുഹമ്മദ് കുട്ടി മാതാപ്പുഴ, മുജീബ് പൂക്കോട്ടൂർ, സിദ്ദീഖ് തുവ്വൂർ എന്നിവർക്കും ബിസിനസ് എക്സലൻസി അവാർഡ് ഡോ.അബ്ദുൽ മജീദ് ചിങ്ങോലിക്കും കെ എം സി സിയുടെ പ്രത്യേക പുരസ്കാരം റാഫി കൊയിലാണ്ടിക്കും തങ്ങൾ സമ്മാനിച്ചു.
മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷനം നടത്തി. അഖിലേന്ത്യാ ട്രഷറർ പി വി അബ്ദുൽ വഹാബ് എം പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എം എ റസാഖ് മാസ്റ്റർ, യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി കെ സുബൈർ, വൈസ് പ്രസിഡണ്ട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ, എം എസ്എ ഫ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് അഡ്വ. ഫാത്തിമ തഹ്ലിയ, മഹാരാഷ്ട്ര മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി സി.കെ. അബ്ദുറഹ് മാൻ, ഖാദർ ചെങ്കള, അഷ്റഫ് വേങ്ങാട്ട്, കെ.കെ.കോയാമു ഹാജി, കുഞ്ഞി കുമ്പള, അഷ് റഫ് വടക്കേവിള, അബ്ദുറഹ്മാൻ മദനി, വി.ജെ നസറുദ്ദീൻ, നാസർ നെസ്റ്റോ, സലീം അൽ മദീന, അഹമ്മദ് കോയ ഫ്ളീരിയ, മുഹമ്മദ് മുസ്തഫ കാവുങ്ങൽ റോയൽ, ഫൈസൽ വടകര എന്നിവർ ആശംസകൾ നേർന്നു. സുബൈർ അരിമ്പ്ര സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രവാസികൾ നേരിടുന്ന വിഷയങ്ങളിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുൽ വഹാബ് എന്നിവർക്ക് അബ്ദുൽ സലാം തൃക്കരിപ്പൂർ, മാമുക്കോയ ഒറ്റപ്പാലം എന്നിവർ നിവേദനം സമർപ്പിച്ചു. മുസ് ലീം അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫ.ഖാദർ മൊയ്തീന്റെ ഭാര്യയുടെ നിര്യാണത്തിൽ പ്രാർത്ഥന നടത്തി.
ഉച്ചക്ക് രണ്ട് മണി മുതൽ നെസ്റ്റോയിൽ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിൽ വനിതാ വിംഗ് സംഘടിപ്പിച്ച പാചക, മെഹന്തി മത്സരം നിരവധി പേരെ ആകർഷിച്ചു. എം എസ് എഫ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് അഡ്വ. ഫാതിമ തഹ്ലിയ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നദീറ ഷംസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജസീല മൂസ സ്വാഗതവും ട്രഷറർ നുസൈബ മാമു നന്ദിയും പറഞ്ഞു.
പരിപാടിക്കെത്തിയ ലീഗ് നേതാക്കളെ ഘോഷയാത്രയോടെയാണ് വേദിയിലേക്ക് ആനയിച്ചത്. മോഡേൺ ഇന്റർനാഷണൽ സ്കൂൾ സകൗട്ട് വിഭാഗത്തിന്റെ ഗാർഡ് ഓഫ് ഓണർ, ദഫ് മുട്ട്, ബാന്റ് വാദ്യം, ബേപ്പൂർ മണ്ഡലം കെ എം സി സിയുടെ കോൽക്കളി എന്നിവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ പച്ചതുണിയുടുത്ത പ്രവർത്തകർ മുദ്രാവാക്യം വിളിയോടെ നേതാക്കളെ എതിരേറ്റത് വേറിട്ട അനുഭവമായി. മെഗാ ഈവെന്റിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളായ ഫുട്ബോൾ ടൂർണ്ണമെന്റ്, ക്വിസ് മത്സരം, പാചക, മെഹന്തി മത്സരങ്ങൾ, കവിതാ മത്സരം, മാപ്പിളപ്പാട്ട് മത്സരം, ഖുർ ആൻ പാരായണ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ദമാം, ബുറൈദ, ലൈലാ അഫ്ലാജ്, അൽ ഖർജ്, വാദി ദവാസിൽ തുടങ്ങിയ സെൻ ട്രൽ കമ്മിറ്റി ഭാരവാഹികൾ സമ്മേള നഗരിയിലെത്തി. സെൻ ട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ വിംഗ് ഭാരവാഹികൾ, ഉപസമിതി ഭാരവാഹികൾ, ജില്ലാ, മണ്ഡലം, ഏരിയാ കമ്മിറ്റി, വനിതാ വിംഗ്, സൈബർ വിംഗ് ഭാരാവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി. ദനീം യാക്കൂബ് ഖിറാഅത്ത് നടത്തി. കെ എം സി സി ജനറൽ സെക്രട്ടറി എം മൊയ്തീൻ കോയ സ്വാഗതവും ട്രഷറർ യു പി മുസ്തഫ നന്ദിയും പറഞ്ഞു.
ചിത്രം: റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഈവെന്റ് സീസൺ 4ന്റെ സമാപന സമ്മേളനം മുസ് ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടം ചെയ്യുന്നു.






