ഒ ഐ സി സി ദമ്മാം വനിതാ വേദി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ദമ്മാം: വാളയാറിലെ രണ്ടു പെണ്‍കുരുന്നുകളുടെ മരണത്തിന് ഉത്തരവാദികളായ കൊടും കുറ്റവാളികളെ വെറുതെവിടും വിധം കേസന്വേഷണം അട്ടിമറിക്കപ്പെട്ടതിനെതിരെ ഒ ഐ സി സി ദമ്മാം വനിതാ വേദി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങള്‍ക്ക് പോലും നീതി നിഷേധിക്കുന്ന, നീതിപാലകരുടെ ക്രൂരതയ്ക്കും, കെടുകാര്യസ്ഥതയ്ക്കുമെതിരെ വനിതാവേദിയുടെ പ്രവര്‍ത്തകര്‍ കണ്ണുകെട്ടിയാണ് പ്രതിഷേധമുയര്‍ത്തിയത്.

സ്ത്രീസംരക്ഷണത്തിന്റെ പേര് പറഞ്ഞുകൊണ്ടധികാരത്തില്‍ വന്ന, സ്ത്രീ സംരക്ഷണത്തിനായി മതില്‍ പണിത സര്‍ക്കാര്‍, കുഞ്ഞുങ്ങളെ പിച്ചിച്ചീന്തി കൊലചെയ്ത കാപാലികരുടെ സംരക്ഷകരാകുന്നതില്‍ യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. സ്വന്തം പാര്‍ട്ടിക്കാരായതിന്റെ പേരില്‍ കുറ്റവാളികളെ രക്ഷിച്ചെടുത്താന്‍ കൂട്ടുനിന്ന മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുവാന്‍ ഇനിയും ധാര്‍മികയോഗ്യതയില്ലെന്നു യോഗം വിലയിരുത്തി. കുറ്റവാളികളെ പരിപാലിക്കാന്‍ കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.

കേസില്‍ സിബിഐ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തേണമെന്ന് യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. പ്രവാസികളായ തങ്ങള്‍ക്ക് നാട്ടില്‍ കുഞ്ഞുങ്ങള്‍ക്ക് എതിരെ പോലും നടക്കുന്ന നീതിനിഷേധങ്ങളില്‍ കടുത്ത ആശങ്കയുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത വനിതകള്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു.
വനിതാവേദിയുടെ പ്രവര്‍ത്തകരോടൊപ്പം കൊച്ചു പെണ്‍കുട്ടികളും ഒത്തുചേര്‍ന്ന യോഗം വാളയാര്‍ കേസില്‍ നീതി ഉറപ്പാക്കാന്‍ സത്വരനടപടി ഉണ്ടാകണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടു. ഒ ഐ സി സി ദമ്മാം റീജണല്‍ കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ വനിതാ വേദി പ്രസിഡണ്ട് ഡോ.സിന്ദു ബിനു, ജനറല്‍ സെക്രട്ടറി ഷിജില ഹമീദ്, വൈസ് പ്രസിഡണ്ടുമാരായ സഫിയ അബ്ബാസ്, രാധികാ ശ്യാം പ്രകാശ്, അംഗങ്ങളായ ഹുസ്‌ന ആസിഫ്, ഗീതാ മധുസൂധനന്‍, ഷബ്‌ന ഗഫൂര്‍, സഹീറ റഫീക്ക്, ആയിഷ ഷെസ, ആയിഷ ഷെദ, നദ ഖദീജ തുടങ്ങിയവര്‍ പ്രതിഷേധ സംഗമത്തില്‍ സംബന്ധിച്ചു