സൗദി – ഇന്ത്യന്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ സ്ഥാപിക്കുന്നതിനുള്ള കരാറില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചു

റിയാദ്: സൗദിയും ഇന്ത്യയും തമ്മില്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമാണ് കഴിഞ്ഞ ദിവസം കരാറില്‍ ഒപ്പുവെച്ചത്. ഫ്യുച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവ് സമ്മേളനത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അതിഥിയായെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ച്ചയിലാണ് സൗദി – ഇന്ത്യന്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചത്.

കൂടിക്കാഴ്ചയില്‍ പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള വിശിഷ്ട ബന്ധത്തിന്റെ വശങ്ങളും അവ വികസിപ്പിക്കാനുള്ള വഴികളും അവര്‍ ചര്‍ച്ച ചെയ്തു. സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ സ്ഥാപിക്കുന്നതിനുള്ള കരാര്‍ ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പിനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

ഊര്‍ജജം, സുരക്ഷ, വ്യാപാരം, സംസ്‌കാരം എന്നീ മേഖലകളില്‍ സൗദി അറേബ്യയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതായും ഇന്ത്യയും സൗദി അറേബ്യയും പരമ്പരാഗതമായി അടുത്തതും സൗഹൃദപരവുമായ ബന്ധം പുലര്‍ത്തുന്നതായും ഇന്ത്യയുടെ ഊര്‍ജജ ആവശ്യങ്ങള്‍ ഏറ്റവും വലുതും വിശ്വസനീയവുമായ വിതരണക്കാരില്‍ ഒന്നാണ് സൗദി അറേബ്യ എന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ സ്ഥാപിക്കുന്നത് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദിയിലേക്കുള്ള യാത്രക്ക് മുമ്പേ പറഞ്ഞിരുന്നു. കൂടാതെ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഉഭയകക്ഷി സഹകരണത്തിന്റെ നിരവധി കാര്യങ്ങളും പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, ആഗോള പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുമെന്നും മോഡി പുറപ്പെടുന്നതിന് മുമ്പ് വ്യക്തമാക്കിയിരുന്നു.