സൗദി, യുഎഇ സംയുക്ത വിസ അടുത്ത വര്‍ഷം മുതല്‍

സന്ദര്‍ശന വിസയില്‍ യു എ ഇയിലെത്തിയവര്‍ക്ക് സൗദിയും സൗദിയിലെത്തിയവര്‍ക്ക് യു എ ഇയും സന്ദര്‍ശിക്കാനാവും.
അബുദാബി: സൗദി അറേബ്യയും യു എ ഇയും തമ്മില്‍ സംയുക്ത വിസാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതായി യു എ ഇ ധനകാര്യ വകുപ്പ് മന്ത്രി എഞ്ചിനീയര്‍ സുല്‍ത്താന്‍ മന്‍സൂരി വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് നടപ്പിലാവുന്നതോടെ സന്ദര്‍ശന വിസയില്‍ യു എ ഇയിലെത്തിയവര്‍ക്ക് സൗദിയും സൗദിയിലെത്തിയവര്‍ക്ക് യു എ ഇയും സന്ദര്‍ശിക്കാനാവും.
രാജ്യത്തേക്ക് ടൂറിസ്റ്റുകള്‍ക്ക് പ്രയാസ രഹിതമായി വന്നുപോകുന്നതിനു ഈയിടെ സൗദി അറേബ്യ പ്രഖ്യാപിച്ച ടൂറിസം വിസ നടപടിക്രമങ്ങളുടെ ചുവട് പിടിച്ചാണ് സംയുക്ത വിസ പദ്ധതി കൊണ്ടുവരുന്നതെന്ന് യു എ ഇ ധനകാര്യ വകുപ്പ് മന്ത്രി പറഞ്ഞു. ഈ സേവനം 2020 വര്‍ഷത്തില്‍ നടപ്പില്‍ വരുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ധനകാര്യ വകുപ്പ് മന്ത്രി എഞ്ചിനീയര്‍ സുല്‍ത്താന്‍ മന്‍സൂരി വ്യക്തമാക്കി.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടെയും ഉത്തരവാദപ്പെട്ട വ്യക്തികള്‍ തമ്മിലുള്ള ചര്‍ച്ചകളും യോഗവും നടക്കുകയാണ്. ഇത് നടപ്പിലാവുന്നതോടെ ഇരുരാജ്യങ്ങളും സന്ദര്‍ശിക്കുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാവുമെന്നും ടൂറിസം, ഹോട്ടല്‍ മേഖലയില്‍ പുതിയ ഉണര്‍വ്വുണ്ടാവുകയും ഇരു രാജ്യത്തിനും സാമ്പത്തികമായി വലിയ നേട്ടം കൈവരിക്കാനാവുമെന്നും സുല്‍ത്താന്‍ മന്‍സൂരി പറഞ്ഞു.






