പൊതുമര്യാദാലംഘനം: ജിദ്ദയില്‍ ഒറ്റദിവസം 11 പേര്‍ പിടിയിലായി

ട്രൗസര്‍ ധരിക്കുകയും പാഴ്‌വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്തവരാണ് പിടിയിലായത്.
ജിദ്ദ: ഈയിടെ നടപ്പില്‍ വരുത്തിയ പൊതുമര്യാദ നിയമം ലംഘിച്ചതിന്റെ പേരില്‍ ജിദ്ദയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസം 11 പേര്‍ പിടിയിലായി. മാന്യമല്ലാത്ത രീതിയില്‍ ഷോര്‍ട്ട് ധരിക്കുക, പാഴ്‌വസ്തുക്കള്‍ പൊതുസ്ഥലത്തേക്ക് വലിച്ചെറിയുക തുടങ്ങിയ നിയമ ലംഘനകള്‍ക്കാണ് 11 പേരും പിടിയിലായത്.
പിടിയിലായവരില്‍ ഏഴു സ്വദേശികളും യമന്‍, പാകിസ്ഥാന്‍, ചാഡ്, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും ഉള്‍പ്പെടും. ജിദ്ദയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ജിദ്ദ സിറ്റിയിലെ ഒരു കൊമേഴ്‌സ്യല്‍ മാര്‍ക്കറ്റില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.
ഏകദേശം ഒരു മാസം മുമ്പാണ് സൗദിയില്‍ പൊതുമര്യാദ നിയമം പ്രാബല്യത്തില്‍ വന്നത്. ഈ നിയമത്തിന്റെ പരിധിയില്‍ പൊതുസ്വഭാവത്തിനു വിരുദ്ധമായ നിരവധി കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കാല്‍മുട്ടിന് മുകളില്‍ ട്രൗസര്‍ (ഷോര്‍ട്ട്) ധരിക്കുക, മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാവുന്ന രീതിയില്‍ ഉച്ചത്തില്‍ സംഗീതം വെക്കുക. പൊതുസ്ഥലങ്ങളില്‍ തുപ്പുകയും പാഴ്‌വസ്തുക്കള്‍ എറിയുകയും ചെയ്യുക, അനുമതിയില്ലാതെ നോട്ടീസുകള്‍ വിതരണം ചെയ്യുകയും ഒട്ടിക്കുകയും ചെയ്യുക, പൊതുസ്ഥലങ്ങളില്‍ വരിയായി നില്‍ക്കുന്ന സംവിധാനം തെറ്റിക്കുക തുടങ്ങിയ 19 വിഷയങ്ങളാണ് പൊതുമര്യാദ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 50 മുതല്‍ 3000 റിയാല്‍ വരെയാണ് നിയമ ലംഘനത്തിനുള്ള പിഴ അടക്കേണ്ടിവരിക. എന്നാല്‍ ഒന്നിലധികം പ്രാവശ്യം ഒരേ നിയമ ലംഘനം ആവര്‍ത്തിക്കപ്പെടുകയും പിടിക്കപ്പെടുകയും ചെയ്താല്‍ പിഴ സംഖ്യ ഇരട്ടിയാവുന്നതുമാണ്.






