മഴക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ രാജാവിന്റെ അഭ്യര്‍ത്ഥന

അടുത്ത വ്യാഴാഴ്ചയാണ് മഴക്കായുള്ള നമസ്‌ക്കാരം നിര്‍വ്വഹിക്കേണ്ടത്.

റിയാദ്: സൗദിയുടെ എല്ലാ ഭാഗത്തും അടുത്ത വ്യാഴാഴ്ച (റബീഉല്‍ അവ്വല്‍ 3,  ഒക്‌ടോബര്‍31) മഴക്ക് വേണ്ടിയുള്ള ഇസ്തിസ്ഗ നമസ്‌ക്കാരം നിര്‍വ്വഹിക്കണമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.

മഴക്ക് വേണ്ടിയുള്ള നിസ്‌കാരം നിര്‍വ്വഹിക്കണമെന്നത് പ്രവാചക ചര്യയാണ്. അത് പിന്തുടരുക എന്നത് ഓരോ വിശ്വാസിയുടെയും ബാധ്യതയുമാണ്. അല്ലാഹുവോട് പാപമോചനത്തിന് അപേക്ഷിക്കുകയും ദൈവീക സ്മരണയും ഐഹിക നിസ്‌കാരങ്ങളും വര്‍ദ്ധിപ്പിക്കുകയും ആത്മീയമായി കീഴ്‌പ്പെടുകയും ജനങ്ങള്‍ക്ക് സദഖയും സഹായവും നല്‍കി ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ അവരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്തു കൊണ്ട് അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്താല്‍ അല്ലാഹു നമ്മെ കൈവിടില്ലെന്നും സൗദി റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ വിഞാപനത്തില്‍ പറയുന്നു.

പ്രവാചകചര്യയെ പ്രയോഗവല്‍ക്കരിക്കുന്നതിനും അല്ലാഹുവിലേക്ക് അഭയം പ്രാപിക്കുന്നത് പ്രകടമാക്കുന്നതിനും വേണ്ടി കഴിയുന്നവരെല്ലാം അടുത്ത വ്യാഴാഴ്ച മഴക്കുവേണ്ടിയുള്ള നമസ്‌ക്കാരം നിര്‍വ്വഹിക്കണമെന്നും ആത്മാര്‍ത്ഥമായി അല്ലാഹുവോട് പ്രാര്‍ത്ഥിക്കണമെന്നും രാജ്യത്തെ മുഴുവന്‍ മുസ്‌ലിംകളോടും രാജാവ് അഭ്യര്‍ത്ഥിച്ചു.