അബ്ശിര്‍ വഴി വാഹനങ്ങളുടെ അവകാശം മാറ്റാന്‍ സൗകര്യമൊരുക്കുന്നു

വ്യക്തികള്‍ക്ക് അബ്ശിര്‍ വഴി നടപടികള്‍ പൂര്‍ത്തിയാക്കാം. കമ്പനികളും സ്ഥാപനങ്ങളും പ്രത്യേക ഓഫീസുകളെ സമീപിക്കേണ്ടിവരും

ജിദ്ദ: വ്യക്തികള്‍ക്ക് വാഹങ്ങളുടെ അവകാശം അബ്ശിര്‍ സംവിധാനത്തിലൂടെ മറ്റൊരാളിലേക്ക് വാറ്റുവാനുള്ള സൗകര്യം താമസിയാതെ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വാഹങ്ങളുടെ ഉടമസ്ഥത മാറ്റുന്നതിനായി സ്വദേശികള്‍ക്കും അതോടൊപ്പം വിദേശികള്‍ക്കും വാഹനങ്ങളുടെ ഷോറൂമുകളെയോ പ്രത്യേക ഓഫീസുകളെയോ ഏജന്റുമാരെയോ സമീപിക്കേണ്ട ആവശ്യം ഇല്ലാതാകും.

വ്യക്തികളുടെ തിരിച്ചറിയല്‍ രേഖയും വാഹനത്തിന്റെ ഇസ്തിമാറ എന്നറിയപ്പെടുന്ന ഓണര്‍ഷിപ്പ് രേഖയും നിയമ സാധുതയുള്ളതാണെങ്കില്‍ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ മറ്റൊരാള്‍ക്ക് വില്‍ക്കുമ്പോള്‍ വില്‍പനരേഖയുടെയും ഓണര്‍ഷിപ്പ് മാറ്റുന്നതിന്റെയും നടപടിക്രമങ്ങള്‍ അബ്ശിര്‍ സംവിധാനത്തിലൂടെ പൂര്‍ത്തിയാക്കാനാവും.

അതേസമയം കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ അവരുടെ കൈമാറ്റ രേഖ തയ്യാറാക്കുന്നതിനും മറ്റു നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും വാഹനങ്ങളുടെ ഷോറൂം വഴിയോ പ്രത്യേക ഓഫീസ് വഴിയോ പൂര്‍ത്തിയാക്കേണ്ടതാണ്.

ഈയിടെ വാഹനവുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങളാണ് അബ്ശിര്‍ വഴി സൗകര്യപ്പെടുത്തിയിട്ടുള്ളത്. വാഹന ഇന്‍ഷൂറന്‍സിന്റെ കാലാവധി, ഇസ്തിമാറയുടെ (ഓണര്‍ഷിപ്പ് രേഖ) കാലാവധി എന്നിവ മനസ്സിലാക്കുക, നമ്പര്‍ പ്‌ളേറ്റ് മാറ്റക തുടങ്ങിയ സേവനങ്ങള്‍ അതില്‍പെട്ടതാണ്.