വിശ്വാസി സമൂഹത്തെ കൂടെ കൂട്ടിയാലല്ലാതെ ഇടതു പക്ഷത്തിന് മുന്നോട്ടു പോകാന്‍ കഴിയില്ല: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

യാമ്പു: ഒരു വിശ്വാസിയും വര്‍ഗീയത ആഗ്രഹിക്കുന്നില്ലെന്നും സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി മതത്തെ ദുരുപയോഗപ്പെടുത്തുന്നവരാണ് വര്‍ഗീയ സ്പര്‍ധ വളര്‍ത്തി രാജ്യത്ത് കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. യാമ്പു നാജില്‍ അറബ് ഓഡിറ്റോറിയത്തില്‍ ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി നല്‍കിയ സ്വീകരണ പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ സാമ്പത്തിക നയത്തിന്റെ വക്താക്കളാണ്. അവര്‍ പിന്തുടരുന്ന മുതലാളിത്തത്തിന്റെ ഫലമായി ഉണ്ടാകുന്നത് സാമ്പത്തിക മാന്ദ്യവും സാമ്പത്തിക പ്രതിസന്തിയുമാണ്. മതേതര കക്ഷികളും ഇടതുപക്ഷവും തമ്മിലുള്ള ഐക്യം ശക്തിപ്പെടുമ്പോള്‍ മാത്രമേ രാജ്യം ഇന്നെത്തി നില്‍ക്കുന്ന പിന്നാക്കാവസ്ഥയെ മറികടക്കാന്‍ കഴിയൂ. രാജ്യത്തെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കേരളത്തിലെ ഇടത് സര്‍ക്കാര്‍ കാണിച്ചു കൊടുക്കുന്നതെന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് കൂടി പ്രചോദനമാണ് കേരള മാതൃകയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
വിശ്വാസി സമൂഹത്തെ കൂടെ കൂട്ടിയാലല്ലാതെ ഇടതു പക്ഷത്തിന് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും വര്‍ഗസമരം സാധ്യമാകണമെങ്കില്‍ വിശ്വാസികളുടെയും അവിശ്വാസികളുടെയും യോജിച്ച പിന്തുണ അനിവാര്യമാണ്. വിശ്വാസികള്‍ക്കെതിരെയുള്ള സമീപനങ്ങള്‍ സി.പി.എം ഉദ്യേശിക്കുന്നില്ല. വിശ്വാസി സമൂഹത്തെ വിശ്വാസി സമൂഹമായി തന്നെ കാണണം. പാര്‍ട്ടിയിലും വലിയൊരു സമൂഹം വിശ്വാസികളുണ്ട്. വിശ്വാസികളെയും മതത്തെയും അവസാനിപ്പിക്കുക എന്നത് സി.പി.എം അജണ്ടയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂപ്രഭുത്വത്തിന്റെയും കുത്തക വത്കരണത്തിന്റെയും സാമ്രാജ്യ ത്വത്തിന്റെയും താത്പര്യം നിലനിര്‍ത്താന്‍ ഭരണ വര്‍ഗ പാര്‍ട്ടികള്‍ നടത്തുന്ന ആസൂത്രണ ശ്രമങ്ങള്‍ക്കെതിരെ യോജിച്ച പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തിലും മത വര്‍ഗീയധ്രൂവീകരണം നടപ്പിലാക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുക എന്നത് ബി.ജെ.പിയുടെ അജണ്ടയാണ്. ഇത് തിരിച്ചറിയുവാനും ജനാധിപത്യ വ്യവസ്ഥ നിലനിര്‍ത്തി സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനാണ് എല്ലാവരും പരിശ്രമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി പ്രസിഡന്റ് കരുണാകരന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ജിദ്ദ നവോദയ രക്ഷാധികാരി വി.കെ റഊഫ്, പ്രസിഡന്റ് ഷിബു തിരുവനന്തപുരം, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഗോവിന്ദന്‍ മാസ്റ്റര്‍ക്കുള്ള ഉപഹാരം നവോദയ യാമ്പു സെക്രട്ടറി അജോ ജോര്‍ജജ്, യാമ്പു ഏരിയ കമ്മിറ്റിയുടെ ഉപഹാരം നവോദയ വൈസ് പ്രസിഡണ്ട് ഗോപി മന്ത്രവാദി നല്‍കി. സിനി വിനോദ്, മധുര മലയാളം ക്ലാസിലെ കുട്ടികളും ബൊക്ക നല്‍കി സ്വീകരിച്ചു. വിവിധ യൂനിറ്റ് സാരഥികള്‍ മുഖ്യാഥിതിക്ക് ഹാരാര്‍പ്പണം നടത്തി. 2020 നവോദയ യാമ്പു ഏരിയ കമ്മിറ്റിയുടെ കലണ്ടര്‍ പ്രകാശനവും ഗോവിന്ദന്‍ മാസ്റ്റര്‍ ചടങ്ങില്‍ നിര്‍വഹിച്ചു. ജിദ്ദ നവോദയ വൈസ് പ്രസിഡന്റ് ഗോപി മന്ത്രവാദി സ്വാഗതവും നവോദയ യാമ്പു കുടുംബ വേദി കണ്‍വീനര്‍ ബൈജു വിവേകാനന്ദന്‍ നന്ദിയും പറഞ്ഞു.






