വാളയാര്‍ പീഡനക്കേസ്: മൂന്നു പ്രതികളെ വെറുതെവിട്ടു

പാലക്കാട്: വാളയാറില്‍ സഹോദരങ്ങളായ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത കേസില്‍ മൂന്നു പ്രതികളെ വെറുതെവിട്ടു. വി. മധു, എം. മധു, ഷിബു എന്നിവരെയാണ് പാലക്കാട് പോക്‌സോ കോടതി വെറുതെവിട്ടത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
കേസിലെ മൂന്നാം പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ കോടതി നേരത്തെ തന്നെ കുറ്റവിമുക്തനാക്കിയിരുന്നു. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ പുരോഗമിക്കുകയാണ്. ഇതില്‍ നവംബര്‍ 15ന് വിധി പുറപ്പെടുവിപ്പിക്കുമെന്നാണ് വിവരം.
2017ലാണ് ലൈംഗീക പീഡനത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് 40 ദിവസത്തെ ഇടവേളയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളായ സഹോദരിമാര്‍ ആത്മഹത്യ ചെയ്തത്.
പതിമൂന്നും ഒമ്പതും വയസുള്ള പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ പെണ്‍കുട്ടികളുടെ ബന്ധു അടക്കമുള്ളവരാണ് അറസ്റ്റിലായിരുന്നത്.
പെണ്‍കുട്ടികളുടെ അമ്മയുടെ ഇളയണ്ണന്റെ മകനാണ് അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി മധു. പെണ്‍കുട്ടികളുടെ അണ്ണന്റെ സുഹൃത്താണ് ഇടുക്കി രാജക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കല്‍ വീട്ടില്‍ ഷിബു.






