കൗമാരക്കാരുടെ ധനവിനിയോഗ ശീലം മാറ്റണമെന്ന് സാമ

ജിദ്ദ: അലക്ഷ്യമായ ധനവിനിയോഗത്തിലൂടെ അവസാനം മയക്കുമരുന്നിന് അടിമപ്പെടുന്നതിലേക്കും വന്‍ കടബാധ്യതകള്‍ വരുത്തിവെക്കുന്നതിലേക്കും നയിക്കുന്ന കൗമാര പ്രായക്കാരായ യുവാക്കളുടെ ദുഷിച്ച പണമിടപാട് ശീലങ്ങള്‍ മാറ്റിയെടുക്കണമെന്ന് സൗദി മോണിറ്ററി അതോറിറ്റി (സാമ) ഉപദേശിച്ചു.
യുവാക്കളുടെ ശ്രദ്ധയിലേക്ക് പ്രധാനപ്പെട്ട നാല് കാര്യങ്ങള്‍ സാമ മുന്നോട്ടുവെച്ചു.
1. ബാങ്ക് അക്കൗണ്ടിന്റെ നേട്ടങ്ങള്‍ വിലകുറച്ചു കാണരുത്.
കൗമാരക്കാരായ പലരും പണമിടപാടുകള്‍ നടത്തുമ്പോഴും സാധനങ്ങള്‍ വാങ്ങുമ്പോഴും ഇലക്‌ട്രോണിക് പേയ്‌മെന്റുകള്‍ നടത്താതെ കറന്‍സി കയ്യില്‍ കൊണ്ടുനടക്കുന്നു. കറന്‍സികള്‍ കൊണ്ടുനടക്കുന്നത് എന്തുകൊണ്ടും സുരക്ഷിതമല്ല പണം നഷ്ടപ്പെടാനും മറ്റുപലതിനും അത് ഇടവന്നേക്കാം. ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്താല്‍ നിരവധി നേട്ടങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കും. സര്‍ക്കാര്‍ ബില്ലുകള്‍ അടക്കുക, സുരക്ഷിത മാര്‍ഗ്ഗത്തിലൂടെ പണം കൈമാറ്റം ചെയ്യുക, ഇലക്‌ട്രോണിക് ബിസിനസ് നടത്തുക തുടങ്ങിയ അതില്‍ ചിലതാണ്.
2. ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കുന്നത് ഒഴിവാക്കുക.
കൗമാര പ്രായക്കാരായ യുവതീയുവാക്കള്‍ക്ക് തരക്കേടില്ലാത്ത ജോലി ലഭിച്ചാല്‍ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കുന്നു. ക്രെഡിറ്റ് കാര്‍ഡുകളില്‍ ഒട്ടേറെ നേട്ടമുണ്ടെങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്യാതിരുന്നാല്‍ വരുന്ന അപകടങ്ങള്‍ വലുതായിരിക്കും. ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാവുന്നത് അവസാനിക്കാത്ത കടബാധ്യതകളില്‍ എത്തിച്ചേക്കും.
3. അലക്ഷ്യമായും അമിതമായും ചെലവഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
കൗമാരക്കാരായ ചിലര്‍ സ്വന്തം ബജറ്റ് അനുസരിച്ചല്ല പണം ചെലവഴിക്കുന്നത്. അനാവശ്യമായ പലതും വാങ്ങിക്കൂട്ടി ശമ്പളത്തിന്റെ വലിയൊരു ഭാഗം ചെലവഴിക്കേണ്ടി വരുന്നു. പണമിടപാട് നടത്തുമ്പോള്‍ കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കണം. അല്ലാതിരുന്നാല്‍ വരുന്ന മാസങ്ങളില്‍ കടം വാങ്ങുവാന്‍ നിര്‍ബന്ധിതരാകും.
4. ഭാവിയിലേക്ക് ധനസമ്പാദനത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുക.
ജീവിതം എപ്പോഴും ഒരുപോലെയാണെന്ന മട്ടില്‍ ചിലര്‍ ഭാവിയിലേക്ക് ഒന്നും കരുതിവെക്കാതെ ചിലവഴിക്കുന്നു. കാലം കഴിയുന്തോറും ബാധ്യതകള്‍ വര്‍ധിക്കുകയും വരുമാനങ്ങള്‍ പരിമിതപ്പെടുകയും ചെയ്യും. പെട്ടെന്ന് കൂടുതല്‍ പണം ആവശ്യമായ സാഹചര്യം വന്നാല്‍ വലിയ പ്രതിസന്ധിനേരിടും. അതിനാല്‍ ശമ്പളത്തിന്റെയൊ മറ്റ് വരുമാനത്തിന്റെയൊ ഒരു ചെറിയ ഭാഗമെങ്കിലും ഭാവിയിലേക്ക് കരുതിവെക്കുകയും ഒരു സാമ്പത്തിക ആസൂത്രണം തയ്യാറാക്കുകയും ചെയ്യുക.






