അരൂരിന്റെ ചരിത്രത്തില്‍ പുതിയൊരു ഏടുമായി ഷാനിമോള്‍ ഉസ്മാന്‍

പിടിച്ചെടുത്തത് സി പി എമ്മിന്റെ കാലാകാലങ്ങളായുള്ള സിറ്റിംഗ് സീറ്റ്

ആലപ്പുഴ: ഒന്നരപതിറ്റാണ്ടിനോടടുത്ത് സിപിഎം കുത്തകയാക്കി വെച്ചിരുന്ന അരൂര്‍ പിടിച്ചെടുത്ത് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ നേടിയത് ചരിത്രം തിരുത്തിയ വിജയം. സിപിഎം സ്ഥാനാര്‍ത്ഥി മനു സി പുളിക്കലിനെതിരെ 2,079 വോട്ടിന്റെ ഭൂരിപക്ഷം നേടി ഷാനിമോള്‍ നിയമസഭയിലേയ്ക്ക് പോകുമ്പോള്‍ അത് അരൂരിന്റെ ചരിത്രത്തില്‍ പുതിയൊരു ഏടാവുകയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38,000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എഎം ആരീഫ് വിജയിച്ചത്. അന്നത്തെ ഭൂരിപക്ഷവും മറികടന്ന് 2,079 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ ഷാനിമോള്‍ പരാജയപ്പെടുത്തുമ്പോള്‍ അത് തിളക്കമാര്‍ന്ന വിജയം തന്നെയായി മാറുന്നു.  അരൂരിന്റെ അഞ്ചാമത്തെ ജനപ്രതിനിധിയായി നിയമസഭയിലെത്തുന്ന ഷാനിമോള്‍ പ്രതിപക്ഷ ബെഞ്ചിലെ ഏക വനിതയായിരിക്കും എന്ന വിശേഷണം കൂടിയുണ്ടാകും.

വിപ്‌ളവനായിക കെആര്‍ ഗൗരിയമ്മ നാലരപതിറ്റാണ്ട് കുത്തകയാക്കിയിരുന്ന അരൂര്‍ മണ്ഡലത്തെയാണ് ഷാനിമോള്‍ ഉസ്മാന്‍ തിരുത്തി എഴുതിയത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ മന്ത്രി ജി സുധാകരന്റെ ‘പൂതന’ പരാമര്‍ശവും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം നടന്ന റോഡ് നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന പേരില്‍ ഷാനിമോള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തതുമെല്ലാം ഫലത്തില്‍ സിപിഎമ്മിന് തിരിച്ചടിയായി.

യുഡിഎഫ് നേതാക്കള്‍ മണ്ഡലത്തില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനം കൂടിയായപ്പോള്‍ ഷാനിമോള്‍ക്ക് വിജയം അനായാസമായി.

പാലാ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ വലിയ പ്രതീക്ഷയോടെയാണ് സിപിഎം സ്ഥാനാര്‍ഥിയായി മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് സുപരിചിതനും യുവനേതാവുമായ മനു സി പുളിക്കലിനെ മുന്‍കൂട്ടി പ്രഖ്യാപിച്ചത്.

അരൂരിന്റെ ചരിത്രത്തില്‍ ഇത്രയേറെ ആഘാതമേല്‍പ്പിച്ച തോല്‍വി സിപിഎമ്മിനുണ്ടായിട്ടില്ല. സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതിന്റെ ആഘാതം സിപിഎമ്മില്‍ പൊട്ടിത്തെറിയ്ക്കും ഇടയാക്കുമെന്ന് തീര്‍ച്ചതന്നെ