ഐ എസ് എല്‍; കേരള ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ തോല്‍വി

ബ്ലാസ്‌ണ്ണേഴ്‌സിന് രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റാണുള്ളത്.
കൊച്ചി: ഐ എസ് എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ തോല്‍വി ഏറ്റുവാങ്ങി. സീസണിലെ ആദ്യ മത്സരം കളിക്കുന്ന മുംബൈ സിറ്റി എഫ്.സിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. എണ്‍പത്തി രണ്ടാം മിനിറ്റില്‍ ടുണീഷ്യന്‍ താരം അമിനെ ഷെര്‍മിറ്റിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വപ്നം തകര്‍ത്ത ഗോള്‍ നേടിയത്.
മുഴുവന്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധക്കാരും നോക്കിനില്‍ക്കെയായിരുന്നു ഗോള്‍ പിറന്നത്. ബോക്‌സില്‍ നാലു പ്രതിരോധക്കാരുടെ സമീപത്തുകൂടെയാണ് പന്ത് അമിനെയുടെ കാലിലെത്തിയത്. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന് അമിനെ തൊടുത്ത വെടിയുണ്ട പറന്നുവരുമ്പോള്‍ വെറും കാഴ്ചക്കാരനായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ഗോളി ബിലാല്‍.
ഗോള്‍ കുടുങ്ങിയ അടുത്ത നിമിഷം ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോളും വഴങ്ങേണ്ടതായിരുന്നു. പന്ത് കിട്ടിയ കെവിന്‍ ആളില്ലാത്ത പോസ്റ്റിലേയ്ക്ക് ഷൂട്ട് ചെയ്‌തെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് ഭാഗ്യം തുണക്കുകയായിരുന്നു.
അവസാന സമയം ഗോള്‍ മടക്കാനുള്ള സുവര്‍ണാവസരമാണ് ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചത്. മുംബൈ ഗോളി അമരീന്ദറാണ് അത് തകര്‍ത്തത്. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ സഹല്‍ തന്ത്രപൂര്‍വം പ്രതിരോധക്കാരുടെ തലയ്ക്ക് മുകളിലൂടെ കോരിയിട്ടുകൊടുത്ത പന്ത് അടുത്ത ക്ഷണം ഒഗ്‌ബെച്ചെ ഒരു ഹാഫ് വോളിയിലൂടെ വലയിലേയ്ക്ക് പായിച്ചെങ്കിലും അവസരത്തിനൊത്തുയവര്‍ന്ന അമരീന്ദര്‍ അവിശ്വസനീയമാംവണ്ണം അത് കുത്തിയകറ്റി.
ആറു സീസണുകളിലായി മുംബൈ കൊച്ചിയില്‍ നേടുന്ന ആദ്യ ജയമാണിത്.






