ഇസ്‌ലാഹി പ്രസ്ഥാനം സമൂഹത്തിന് ദിശാബോധം നല്‍കി

ഇസ്‌ലാഹ് എന്നാല്‍ നന്നാക്കുക, കേടു പാടുകള്‍ തീര്‍ക്കുക എന്നൊക്കെയാണ് അര്‍ഥം.

ജിദ്ദ: ആദം നബി മുതല്‍ മുഹമ്മദ് നബി വരെ സമൂഹത്തില്‍ ഏറ്റെടുത്ത് നടത്തിയത് ഇസ്‌ലാഹ് ആയിരുന്നു. പ്രവാചകന്മാര്‍ നിര്‍വ്വഹിച്ച ഈ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏറ്റ കുറച്ചിലോ മാറ്റിതിരുത്തലോ ഇല്ലാതെ സമൂഹത്തില്‍ പ്രചരിപ്പിച്ചു എന്നതാണ് ഇസ്‌ലാഹി പ്രസ്ഥാനം നിര്‍വഹിച്ച ദൗത്യം. അത് ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ബോധ്യപെടുമെന്നും പ്രഗല്‍ഭ പണ്ഡിതനും വാള്മിയുമായ ഉസ്മാന്‍ മിശ്കാത്തി പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റെറില്‍ ‘ഇസ്‌ലാഹി പ്രസ്ഥാനം നാള്‍വഴികളിലൂടെ” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യകാല മുസ്‌ലിം സമൂഹത്തിന്റെ നില വളരെ പരിതാപകരമായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും തല മുണ്ഡനം ചെയ്യല്‍ നിര്‍ബന്ധമാണെന്നും അങ്ങിനെ ചെയ്തില്ലെങ്കില്‍ അതിനെ ഹറാമായി കാണുകയും ചെയ്തിരുന്നു. ഭൗതീക വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കിയില്ല. ഇംഗ്‌ളീഷ് നരകത്തിലെ ഭാഷയാണെന്ന് പറയുകയും, മലയാളഭാഷക്കെതിരെ പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്തു. അക്കാലത്ത് ചാലിലകത്ത് കുഞ്ഞഹമ്മദ്ഹാജി എന്ന വ്യക്തി സ്വന്തം നിലയില്‍ മദ്രസ ആരംഭിക്കുകയും മദ്രസാ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. കെ.എം മൗലവി, വക്കം മൗലവി, സീതി സാഹിബ്, സയ്യിദ് സനാഹുല്ലാഹ് മക്തി തങ്ങള്‍ എന്നിവര്‍ അന്തവിശ്വാസങ്ങള്‍ക്കും ശിര്‍ക്കിനും അനാചാരങ്ങള്‍ക്കും എതിരെ സന്ധിയില്ലാ സമരം നടത്തിയ നാവോത്ഥന നായകരായിരുന്നു എന്നും ഉസ്മാന്‍ മിശ്കാത്തി കുട്ടിച്ചേര്‍ത്തു.

ഇസ്‌ലാഹി സെന്റെര്‍ പ്രസിഡണ്ട് അബ്ബാസ് ചെമ്പന്‍ സ്വാഗതവും മുഹമ്മദ് അമീന്‍ നന്ദിയും പറഞ്ഞു.