നാട്യങ്ങളില്ലാത്ത മനുഷ്യ സ്‌നേഹിയായിരുന്നു പത്മശ്രീ സി.കെ മേനോന്‍: ഒഐസിസി അനുശോചനയോഗം

ദമ്മാം: തന്റെ സമ്പത്തില്‍ നിന്ന് ഒരു വിഹിതം ജീവകാരുണ്യ സാമൂഹിക സാംസ്‌ക്കാരിക പ്രവത്തനങ്ങള്‍ക്കുവേണ്ടി നിശബ്ധമായി ചെലവഴിച്ച ഒഐസിസി ഗ്‌ളോബല്‍ പ്രസിഡണ്ടും നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാനുമായിരുന്ന പത്മശ്രീ സി കെ മേനോന്‍ നാട്യങ്ങളില്ലാത്ത മനുഷ്യ സ്‌നേഹിയായിരുന്നുവെന്ന് ഒഐസിസി ഗ്‌ളോബല്‍ കമ്മിറ്റി ദമ്മാമില്‍ സംഘടിപ്പിച്ച അനുശോചനയോഗം അഭിപ്രായപ്പെട്ടു.

സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിയമക്കുരുക്കില്‍പെട്ട് പ്രയാസമനുഭവിച്ച ധാരാളം മലയാളികള്‍ക്ക് നിയമ, സാമ്പത്തിക സഹായം നല്‍കുവാന്‍ അഡ്വ. സി.കെ മേനോന്‍ കാണിച്ച താല്‍പ്പര്യം യോഗത്തില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു. സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് മലയാളികളെ കേരളാ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരം ഭീമമായ സംഖ്യ ദിയാധനം നല്‍കി വധ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്തിയതും ആഭ്യന്തര കലഹം രൂക്ഷമായ ലിബിയയില്‍ അക്രമികളുടെ തടങ്കലില്‍ നിന്നും മോചിതരായി നാട്ടിലെത്തിയ നഴ്‌സുമാരുടെ  പരാധീനതകള്‍  മനസ്സിലാക്കിയ മേനോന്‍ ആ നഴ്‌സുമാര്‍ക്കെല്ലാം സാമ്പത്തിക സഹായം നല്‍കിയതും അനുശോചന യോഗത്തില്‍ സംസാരിച്ചവര്‍ പ്രത്യേകം പരാമശിച്ചു.

സൗദി അറേബ്യയില്‍  നിതാഖാത്ത് പ്രഖ്യാപിച്ച  കാലയളവില്‍ നാട്ടിലേക്ക് മടങ്ങുവാന്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ള ഇന്ത്യക്കാര്‍ക്ക്  വിമാന ടിക്കറ്റ് നല്‍കി. ഇന്ത്യന്‍ എംബസ്സിയുടെ ഒരു കോണ്‍സുലേറ്റ് കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമില്‍ വേണമെന്ന ആവശ്യം ദമ്മാമിലെ ഇന്ത്യന്‍ സമൂഹം ഭരണാധികാരികള്‍ക്കുമുമ്പില്‍ ഉന്നയിച്ചപ്പോള്‍, ദമ്മാമില്‍ കോണ്‍സുലേറ്റ് തുടങ്ങുവാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനമെടുക്കുകയാണെങ്കില്‍ അതിന്  ആവശ്യമായ ഓഫീസ് സൗകര്യം പൂര്‍ണ്ണമായും താന്‍ സൗജന്യമായി ചെയ്തുതരാമെന്ന് അധികാരികള്‍ക്ക് ഉറപ്പ് നല്‍കിയ മേനോന്‍ എന്നും പ്രവാസി സമൂഹത്തിന്റെ കാതലായ വിഷയങ്ങളില്‍ ശ്രദ്ധാലുവായിരുന്നുവെന്നും അദ്ദേഹത്തെ അനുസ്മരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ഒഐസിസി ഗ്‌ളോബല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍  അഹമ്മദ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ഗ്‌ളോബല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് സി. അബ്ദു ഹമീദ് ഉദ്ഘാടനം ചെയ്തു. സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പി.എം നജീബ് അനുസ്മരണ പ്രഭാഷണം നടത്തി. ഒഐസിസി നേതാക്കളായ അഷ്‌റഫ് മൂവാറ്റുപുഴ, ചന്ദ്രമോഹനന്‍, രമേശ് പാലക്കാട്, ഹനീഫ് റാവുത്തര്‍, ഇ.കെ സലിം, ഡോ. സിന്തു ബിനു, വിവിധ സാമൂഹിക സാംസ്‌ക്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് പവനന്‍ മൂലയ്ക്കല്‍, ഷാജി മതിലകം, ഇ.എം കബീര്‍, എം.കെ ഷാജഹാന്‍, ഷബീര്‍ ചാത്തമംഗലം, അബ്ദുള്ള മഞ്ചേരി, താജു അയ്യാരില്‍ എന്നിവര്‍ പത്മശ്രീ. ഡോ. അഡ്വ. സി.കെ.മേനോനെ അനുസ്മരിച്ചു. ഗ്‌ളോബല്‍ കമ്മിറ്റിയംഗം  മാത്യു ജോസഫ് സ്വാഗതവും റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.