‘മൈത്രി മഴവില്ല് 2019’ ചിത്രരചനാ മത്സരം നാളെ

ജിദ്ദ: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കുമായി മൈത്രി ജിദ്ദ സംഘടിപ്പിക്കുന്ന ചിത്ര രചനാ മത്സരം ‘മൈത്രി മഴവില്ല് 2019’ നാളെ നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു.
ഉച്ചക്ക് രണ്ട് മണിക്ക് തഹ്‌ലിയ സ്ട്രീറ്റിനടുത്തുള്ള നോവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ചാണ് മത്സരം നടക്കുക.

കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുക. ഇതോടൊപ്പം വനിതകള്‍ക്കായി ‘പെണ്‍വര’ എന്ന പേരില്‍ മത്സരം ഒരുക്കുന്നുണ്ട്.

പ്രവാസലോകത്ത് പ്രത്യേകിച്ച് ജിദ്ദയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം മത്സരങ്ങള്‍ കുറവാണു എന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് രക്ഷിതാക്കളും സംഘാടകരും ഈ ചിത്രരചനാ മത്സരം നോക്കികാണുന്നത്. അതുപോലെ കുടുംബിനികള്‍ക്കും പെണ്‍വര വലിയൊരവസരം തന്നെയാണ് നല്‍കുന്നത്. സാഹിത്യ രംഗത്തും പാചകരംഗത്തും സ്ത്രീകള്‍ക്ക് മത്സരങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും ചിത്ര രചനാ രംഗത്തു സമീപ കാലത്തു സ്ത്രീകള്‍ക്കായി മത്സരം ഇതാദ്യമാണ്.

കഴിഞ്ഞ വര്‍ഷവും മൈത്രി മത്സരം സംഘടിപ്പിച്ചിരുന്നു. വിജയികള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് പുറമെ ഓരോ വിഭാഗങ്ങളിലും അഞ്ചു പേര്‍ക്ക് വരെ പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ആയാണ് റജിസ്‌ട്രേഷന്‍ നടത്തിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി റജിസ്‌ട്രേഷന്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. മത്സരിക്കാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേര്‍ക്കും അവസരം നല്‍കുന്നതിനായി സ്‌പോട്ട് റെജിസ്‌ട്രേഷന്‍ അനുവദിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഉച്ചക്ക് രണ്ട് മണിക്ക്മുമ്പ്തന്നെ പങ്കെടുക്കുന്നവര്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു. കളര്‍, പെന്‍സില്‍ തുടങ്ങിയവ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരേണ്ടതാണ്. ഡ്രോയിങ് പേപ്പര്‍ മാത്രമേ സംഘാടകര്‍ നല്‍കുകയുള്ളു.