പുതിയ റെയില്‍ പാളത്തിലൂടെയുള്ള പരീക്ഷണ ഓട്ടം അടുത്ത ആഴ്ച

ജിദ്ദ: ഹറമൈന്‍ അതിവേഗ ട്രെയിന്‍ സേവനത്തിന്റെ പുതിയ പാളത്തിലൂടെയുള്ള പരീക്ഷണ ഓട്ടം അടുത്ത ആഴ്ച നടക്കും. പുതിയ പാളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷ ഉറപ്പുവരുത്തുന്ന പ്രവൃത്തികളും അടുത്ത ആഴ്ചയോടെ പൂര്‍ത്തിയാവും. മക്ക, മദീന പട്ടണങ്ങള്‍ക്കിടയിലുള്ള ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.

സുലൈമാനിയ്യ മുതല്‍ 1.5 കിലോമീറ്റര്‍ പുതുതായി നിര്‍മ്മിച്ച പാളത്തിലൂടെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവള റെയില്‍വേ സ്‌റ്റേഷന്‍വരെയാണ് പരീക്ഷണ ഓട്ടം നടക്കുക. യാത്രക്കാരെ ഒഴിവാക്കിയായിരിക്കും പരീക്ഷണം നടത്തുക എന്ന് അധികൃതര്‍ അറിയിച്ചു.

ഒക്‌ടോബര്‍ ആദ്യവാരം സൗദി ഗതാഗത വകുപ്പ് മന്ത്രി ഡോക്ടര്‍ നബീല്‍ അമൂദി 30 ദിവസത്തിനുള്ളില്‍ ട്രെയിന്‍ സേവനം പുനരാരംഭിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ സെപ്തംബര്‍ 29 ന് ജിദ്ദയിലെ സുലൈമാനിയ്യ റെയില്‍വേ സ്‌റ്റേഷന്‍ തീപിടിച്ചത് കാരണം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ട്രെയിന്‍ സേവനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.