ഗോ എയര്‍ വീണ്ടും കൃത്യനിഷ്ഠയില്‍ മുന്നില്‍

കൊച്ചി: കൃത്യനിഷ്ഠയുടെ കാര്യത്തില്‍ വീണ്ടും അംഗീകാരവുമായി ഇന്ത്യയിലെ മുന്‍നിര എയര്‍ലൈന്‍ കമ്പനിയായ ഗോ എയര്‍. ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഇന്ത്യയിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന എയര്‍ലൈനായി ഗോ എയര്‍ തുടര്‍ച്ചയായി 13-ാം മാസവും നേട്ടം നിലനിര്‍ത്തിയത്.

2019 സെപ്റ്റംബറിലെ ആഭ്യന്തര സര്‍വിസുകളില്‍ 85.4% ഓണ്‍ ടൈം പെര്‍ഫോമന്‍സ് (ഒ.ടി.പി)യുമായി ഗോ എയര്‍ മുന്നിലെത്തി. സെപ്റ്റംബറില്‍ 325-ലധികം പ്രതിദിന സര്‍വിസുകള്‍ നടത്തിയ ഗോ എയര്‍ വെറും 0.12% മാത്രം സര്‍വിസുകളാണ് റദ്ദാക്കിയത്. 13.27 ലക്ഷത്തോളം യാത്രക്കാര്‍ക്ക് സ്തുത്യര്‍ഹ സേവനവും നടത്തി. ഒ.ടി.പി നേട്ടം നിലനിര്‍ത്താനായതില്‍ ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജെ.വാഡിയ നന്ദി രേഖപ്പെടുത്തി.

കൃത്യനിഷ്ഠത, സ്വീകാര്യമായ നിരക്ക്, മികച്ച സൗകര്യങ്ങള്‍ എന്നീ തത്വങ്ങളിലാണ് ഗോഎയര്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍, കൊച്ചി, അഹമ്മദാബാദ്, ഐസ്വാള്‍, ബഡോഗ്ര, ബെംഗളുരു, ഭുവനേശ്വര്‍, ചണ്ഡിഗഡ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹതി, ഹൈദരബാദ്, ജയ്പ്പൂര്‍, ജമ്മു, കൊല്‍ക്കത്ത, ലക്‌നോ, മുംബൈ, നാഗ്പുര്‍, പട്‌ന, പോര്‍ട്ട് ബ്ലയര്‍, പുണെ, റാഞ്ചി, ശ്രീനഗര്‍ തുടങ്ങിയവയടക്കം ആഭ്യന്തര സര്‍വീസുകളും മാലി, മസ്‌കത്ത്, അബുദാബി, ദുബൈ, ബാങ്കോക്, കുവൈത്ത്, സിംഗപ്പൂര്‍ തുടങ്ങിയ അന്താരാഷ്ട്ര സര്‍വിസുകളും ഗോ എയറിനുണ്ട്.