‘ആതിഥേയ വിസ” ഉടന്‍ പ്രാബല്യത്തില്‍ വരും

ജിദ്ദ: സൗദി അറേബ്യയില്‍ നിയമപരമായി താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ രാജ്യത്തേക്ക് അതിഥികളെ കൊണ്ടുവരുവാന്‍ വേണ്ടിയുള്ള ‘ആതിഥേയ വിസ” ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്ന് ഹജജ് ഉംറ ദേശീയ സമിതി ഉപാധ്യക്ഷന്‍ അബ്ദുല്ല ഖാളി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് ‘മഹ്‌റം’ നിര്‍ബന്ധമാണെന്ന നിയമം അസാധുവാക്കിയത് ഉംറക്ക് വരുന്നതിന് മാത്രമാണെന്നും ഹജജിന് വേറെ ചില നടപടിക്രമങ്ങള്‍കൂടി ആവശ്യമാണെന്നും അബ്ദുല്ല ഖാളി കൂട്ടിച്ചേര്‍ത്തു.

‘ആതിഥേയ വിസ”യില്‍ രാജ്യത്തേക്ക് വരുന്നവര്‍ക്ക് 90 ദിവസം സൗദിയില്‍ തങ്ങുവാന്‍ സാധിക്കും. കൂടാതെ ഉംറ വിസയില്‍ വരുന്നവര്‍ക്ക് സൗദിയുടെ എല്ലാ ഭാഗങ്ങളിലേക്കും യാത്രചെയ്യുവാനും രാജ്യത്തെ ആഘോഷങ്ങളിലും മറ്റു പരിപാടികളിലും സംബന്ധിക്കാമെന്നും അബ്ദുല്ല ഖാളി കൂട്ടിച്ചേര്‍ത്തു.

അതുപോലെ, ടൂറിസ്റ്റു വിസയില്‍ സൗദിയിലേക്ക് വരുന്നവര്‍ക്ക് ഉംറചെയ്യുവാനും അനുവാദമുണ്ട്. 18 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ ഉംറക്ക് വരുമ്പോള്‍ ‘മഹ്‌റം’ നിര്‍ബന്ധമില്ല. എന്നാല്‍ ഹജജ് കര്‍മ്മത്തിനു വരുമ്പോള്‍ ‘മഹ്‌റം’ നിര്‍ബന്ധമാണെന്നും വേറെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘മഖാം” ഓണ്‍ലൈനിലൂടെ ഉംറ വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് സൗദി ടൂറിസം കമ്പനിയുമായി നേരിട്ട് ബന്ധപ്പെടാനാവും. 30 ദിവസം കാലാവധിയുള്ള ഇലക്‌ട്രോണിക് ഉംറ വിസ ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക രംഗം പുഷ്ടിപ്പെടുത്തുന്നതിനും സൗദിയുടെ ടൂറിസം മേഖല പ്രോത്സാഹിപ്പിക്കുവാനും ഈയിടെ ടൂറിസ്റ്റു വിസ പ്രാബല്യത്തില്‍ വന്നിരുന്നു. 440 റിയാലിന്റെ ടൂറിസ്റ്റു വിസ അര മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാവുന്ന നടപടിക്രമങ്ങള്‍ സൗദി ടുറിസം വിഭാഗം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ വഴിയൊ ഓണ്‍ അറൈവല്‍ ആയോ ഒരു വര്‍ഷം കാലാവധിയുള്ള വിസ നിശ്ചിത രാജ്യങ്ങളിലുള്ളവര്‍ക്ക് ലഭിക്കും. 18 വയസ്സിനു മുകളിലുള്ള ആര്‍ക്കും ഏതു മതത്തിലുള്ളവര്‍ക്കും വിസ ലഭിക്കും. 18 വയസ്സിനു താഴെയുള്ളവര്‍ക്ക് അവരുടെ രക്ഷിതാക്കള്‍ കൂടെ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.