മുനിസിപ്പല്‍ കൗണ്‍സില്‍ മീറ്റിംഗുകളില്‍ സ്ത്രീകള്‍ക്ക് പുരുഷന്‍മാരോടൊപ്പം വേദി പങ്കിടാം

റിയാദ്: സൗദിയിലെ മുനിസിപ്പാലിറ്റി കൗണ്‍സിലിലെ വനിതാ മെമ്പര്‍മാര്‍ക്ക് പുരുഷന്‍മാരോടൊപ്പം കൗണ്‍സില്‍ മീറ്റിംഗുകളില്‍ ഒരു ഹാളില്‍ പങ്കെടുക്കുവാനുള്ള അനുവാദം നഗര ഗ്രാമ വികസന മന്ത്രി ഡോക്ടര്‍ മാജിദ് അല്‍ ഖസബി നല്‍കി.
മുനിസിപ്പാലിറ്റി മീറ്റിംഗുകളില്‍ പാലിക്കേണ്ട നിയമാവലിയിലെ 107 ഖണ്ഡിക ദുര്‍ബ്ബലപ്പെടുത്തിയാണ് മന്ത്രിയുടെ തീരുമാനം വന്നിട്ടുള്ളത്. കൗണ്‍സില്‍ മെമ്പര്‍മാരായ സ്ത്രീകള്‍ക്ക് യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് പ്രത്യേക ഹാള്‍ നിര്‍ബന്ധമായും സംവിധാനിക്കണമെന്നായിരുന്നു 107 ഖണ്ഡിക വ്യക്തമാക്കുന്നത്.
ഇത് റദ്ദ് ആകുന്നതോടെ ഒരു ഹാളില്‍ ഒന്നിച്ചു സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ യോഗങ്ങളില്‍ പങ്കെടുക്കുവാന്‍ മെമ്പര്‍മാര്‍ക്ക് അനുവാദമുണ്ടാവും. സ്ത്രീകള്‍ക്ക് മാത്രമായി മറ്റൊരിടത്തേക്ക് നീങ്ങുകയോ, നേരത്തെ ഉണ്ടായിരുന്നതുപോലെ പുരുഷന്മാരുടെ ഹാള്‍ പ്രൊജക്ടര്‍ സംവിധാനത്തിലൂടെ ബന്ധിപ്പിച്ചു വനിതാ അംഗങ്ങള്‍ക്ക് യോഗങ്ങളില്‍ പങ്കെടുക്കുന്ന സാഹചര്യം ഇനിയുണ്ടാവില്ല.






