ഉംറ വിസയിലെത്തുന്ന സ്ത്രീകള്‍ക്ക് മഹ്‌റം ഒഴിവാക്കുന്നു

മക്ക: സ്ത്രീകള്‍ ഉംറ തീര്‍ത്ഥാടനത്തിന് മക്കയിലേക്ക് വരുമ്പോള്‍ കൂടെ മഹ്‌റം (അടുത്ത ബന്ധത്തില്‍പെട്ട പുരുഷന്‍) നിര്‍ബന്ധമാണെന്ന നിലവിലെ നിയമം എടുത്തുകളയുന്നതിനായി ഹജജ് ഉംറ മന്ത്രാലയം പഠനം നടത്തുന്നു. ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും കൂടെ മഹ്‌റം ഇല്ലാതെ ഉംറക്ക് വരാമെന്നാണ് പുതിയ നിര്‍ദ്ദേശം.
ഉംറ തീര്‍ത്ഥാടന മേഖലയില്‍ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം ഹജജ് ഉംറ മന്ത്രി ഡോകടര്‍ മുഹമ്മദ് ബെന്‍തിന്‍ സഹമന്ത്രി അബ്ദുല്‍ ഫത്താഹ് മുഷാത്ത് എന്നിവര്‍ ഹജജ് ഉംറ സമിതി അധ്യക്ഷനുമായും മറ്റു പ്രമുഖ വ്യക്തികളുമായും മക്ക ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
കൂടിക്കാഴ്ചക്ക് ശേഷം 11 കരാര്‍ അംഗീകരിക്കുകയും ഏതാനും നിര്‍ദ്ദേശങ്ങള്‍ ഹജജ് ഉംറ മന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഹജജ് ഉംറ സമിതി അധ്യക്ഷന്‍ മര്‍വാന്‍ ശഅബാന്‍ അറിയിച്ചു. അതില്‍ പ്രധാനമായത് ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും കൂടെ മഹ്‌റം ഇല്ലാതെ ഉംറക്ക് വരാമെന്നതാണ്.
സൗദി വിഷന്‍ 2030 ന്റെ നയനിലപാടുകളോട് ഹജജ് ഉംറ സേവനങ്ങള്‍ യോജിപ്പിക്കണമെന്നും മാറിയ സാഹചര്യത്തില്‍ പുതിയ സൗകര്യങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് ചെയ്തുകൊടുക്കണമെന്നും ഹജജ് ഉംറ മന്ത്രി ഡോകടര്‍ മുഹമ്മദ് ബെന്‍തിന്‍ ഓര്‍മ്മിപ്പിച്ചു.
തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും:
ഉംറക്ക് വരുന്ന സ്ത്രീകള്‍ക്ക് മഹ്‌റം സംവിധാനം ഒഴിവാക്കുക.അയാട്ടക്ക് സമാനമായ മറ്റു ഓര്‍ഗനൈസേഷനുകളെയും കൂടി അംഗീകരിക്കുകയും അവര്‍ക്കും ഉംറ വിസക്ക് അവസരം കൊടുക്കുകയും ചെയ്യുക.
സൗദിയിലേക്കു വിനോദ സഞ്ചാരത്തിനു തുറന്നുകൊടുത്ത 49 രാജ്യങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് അടക്കം 410 റിയാലിനു വിസ വിതരണം ചെയ്യുക.
ഉംറ പാക്കേജുകളും ഹോട്ടലുകളും മറ്റു സേവനങ്ങളും ബുക്കിംഗ് അവസരവും ഓണ്‍ലൈനിലൂടെ പ്രദര്‍ശിപ്പിക്കുക.
വിമാനത്താവളങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് പാക്കേജുകള്‍ വിപണനം ചെയ്യുക.
ഓണ്‍ലൈന്‍ എഗ്രിമെന്റുകള്‍ക്ക് അംഗീകാരം നല്‍കുക.
ഹജജ് ഉംറ ബുക്കിംഗ് പോര്‍ട്ടല്‍ വിപുലീകരിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുക.
കരമാര്‍ഗ്ഗം ഉംറക്ക് വരുന്നവര്‍ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബുക്കിംഗ് ഒഴിവാക്കിക്കൊടുക്കുക.
മറ്റ് ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി കോര്‍ഡിനേറ്റു ചെയ്തു അംഗീകാരം വാങ്ങുക.






