ഹറമൈന്‍ റെയില്‍വേയുടെ ജോലി അതിവേഗം പൂര്‍ത്തിയാവുന്നു

സമാന്തരപാത പൂര്‍ത്തിയാക്കാനുള്ള ജോലി 24 മണിക്കൂറും തുടക്കുന്നു.
നേരത്തെ ഗതാഗത മന്ത്രി പ്രഖ്യാപിച്ച തിയ്യതിക്ക് തന്നെ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കും

ജിദ്ദ: ജിദ്ദ സുലൈമാനിയ്യയിലെ ഹറമൈന്‍ റെയില്‍വേ സ്‌റ്റേഷന്‍ തീപിടിച്ചതിനെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച റെയില്‍ പാതക്ക് സമാന്തരപാത നിര്‍മ്മിക്കുന്ന ജോലി 24 മണിക്കൂറും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സമാന്തര പാതയുടെ അടിസ്ഥാന സൗകര്യങ്ങളും സിവില്‍ വര്‍ക്കുകളും പൂര്‍ത്തിയായി. ഒന്നര കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന സമാന്തര പാതയില്‍ റെയില്‍പാളം ഘടിപ്പിക്കുന്ന ജോലിയുടെ 50 ശതമാനവും പൂര്‍ത്തിയായതായും കഴിഞ്ഞ ദിവസം ഇലക്ര്ടിക് ലൈനുകളും കേബിളുകളും വലിക്കുന്ന ജോലിയും പൂര്‍ത്തിയായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ഗതാഗത മന്ത്രി പ്രഖ്യാപിച്ച തിയതിക്ക് തന്നെ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കുവാന്‍ തീവ്രശമം നടന്നുകൊണ്ടിരിക്കുകയാണ്. സുലൈമാനിയ്യ റെയില്‍വേ സ്‌റ്റേഷന് പകരമായി ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലുള്ള റെയില്‍വേസ്‌റ്റേഷന്‍ സജജമാക്കിത്തുടങ്ങി. യാത്രക്കാരെ സ്വീകരിക്കുവാനുള്ള സംവിധാനങ്ങളും സേവന കൗണ്ടറുകളും, വിശ്രമ കേന്ദ്രങ്ങളും ഓഫീസുകളും മറ്റു സാങ്കേതിക ജോലികളുമെല്ലാം പൂര്‍ത്തിയായി.

ഇക്കഴിഞ്ഞ സെപ്തമ്പര്‍ 29നാണ് തീപിടുത്തത്തില്‍ സുലൈമാനിയ്യ റെയില്‍വേ സ്‌റ്റേഷനും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെല്ലാം നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ഇതോടെ മക്ക – മദീന അതിവേഗ ട്രയിന്‍ സേവനം നിര്‍ത്തിവെക്കേണ്ടിവന്നു. 30 ദിവസത്തിനുള്ളില്‍ തന്നെ അതായത് ഈ മാസം അവസാനത്തോടെ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് ഗതാഗത വിഭാഗം മന്ത്രി നബീല്‍ ആമൂദി വ്യക്തമാക്കിയിരുന്നു.