അടുത്തവര്‍ഷത്തോടെ പുരുഷന്മാരുടെ ഡ്രൈവിംഗ് സ്‌കൂളുകളില്‍ സ്ത്രീകള്‍ക്കും പ്രവേശനം

ഡ്രൈവിങ് പഠിക്കാന്‍ സ്ത്രീകളുടെ കടന്നുവരവ് അനിയന്ത്രിതമായി
സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ദിവസങ്ങള്‍ മാറ്റിവെക്കും

റിയാദ്: അടുത്തവര്‍ഷത്തോടെ സൗദിയില്‍ പ്രവര്‍ത്തിക്കുന്ന പുരുഷന്മാരുടെ ഡ്രൈവിംഗ് സ്‌കൂളുകളില്‍ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുമെന്ന് ദേശീയ ഡ്രൈവിംഗ് സ്‌കൂള്‍ സമിതി ഡയറക്ടര്‍ ഡോ. മഗ്ഫൂര്‍ ആല്‍ ബിഷര്‍ വ്യക്തമാക്കി.

രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ പുരുഷന്മാരെ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്ന 64 ഡ്രൈവിംഗ് സ്‌കൂളുകളാണുള്ളത്. ഈ സ്‌കൂളുകളില്‍ സ്ത്രീകള്‍ക്കും ഡ്രൈവിംഗ് പരിശീലനത്തിന് അനുമതി നല്‍കും. ട്രാഫിക് വിഭാഗത്തിന്റെ സഹായത്തോടെ ലോകോത്തര നിലവാരത്തേക്ക് സൗദിയിലെ ഡ്രൈവിംഗ് സ്‌ക്കൂളുകളെ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡ്രൈവിംഗില്‍ പരിശീലനത്തിനായി സ്ത്രീകളുടെ അപേക്ഷകള്‍ ദൈനം ദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ അപേക്ഷകരേയും ഉള്‍ക്കൊള്ളാന്‍ രാജ്യത്തെ വനിതാ ഡ്രൈവിംഗ് സ്‌കൂളുകള്‍ മതിയാവില്ല. പുരുഷന്മാരുടെ ഡ്രൈവിംഗ് സ്‌കൂളുകളില്‍ സ്ത്രീകള്‍ക്കുകൂടി പ്രവേശനം നല്‍കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ കാലതാമസം കൂടാതെ തന്നെ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് പരിശീലിക്കാമെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം പുരുഷന്മാരുടെ ഡ്രൈവിംഗ് സ്‌കൂളുകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതും പരിശീലനം നല്‍കുന്നതും വിദഗ്ധരായ സ്ത്രീ പരിശീലകരുടെ മേല്‍നോട്ടത്തിലായിരിക്കും. സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക ദിവസങ്ങള്‍ മാറ്റിവെക്കുമെന്നും. രാജ്യത്ത് സ്ത്രീകള്‍ക്കും വാഹനമോടിക്കുവാന്‍ അനുവാദം നല്‍കിയതിനു പിന്നാലെ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനുള്ള സ്ത്രീകളുടെ കടന്നുവരവ് അനിയന്ത്രിതമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.