മദീനക്കടുത്ത് ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സ് അപകടത്തില്‍പെട്ടു. 35പേര്‍ മരിച്ചതായി പ്രാഥമിക വിവരം

മദീന: സൗദിയിലെ മദിനക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ 35 പേര്‍ മരിച്ചതായും നാല് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ഉംറ തീര്‍ത്ഥാടകരുമായി റിയാദില്‍നിന്നെത്തി മദീന സന്ദര്‍ശനം കഴിഞ്ഞ് മക്കയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മദീനയിനിന്നും 170 കിലോമീറ്റര്‍ അകലെ ഹിജ്‌റ റോഡിലാണ് അപകടമുണ്ടായത്.

അപകടത്തില്‍പെട്ട തീര്‍ത്ഥാടകര്‍ വ്യത്യസ്ഥ രാജ്യക്കാരാണെന്നാണ് വിവരം. അപകടം സംബന്ധമായി പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിയാദിലെ ദാറുല്‍ മീഖാത്ത് സിയാറ സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പെട്ടത്. ബംഗ്‌ളാദേശ് പൗരന്‍മാര്‍ നടത്തുന്ന സിയാറ ഗ്രൂപ്പിലെത്തിയ തീര്‍ത്ഥാടകരാണ് ബസ്സിലുണ്ടായ സംഘം എന്നാണ് അറിയുന്നത്.
നാലു ദിവസം നീണ്ടുനില്‍ക്കുന്ന മദീന, മക്ക സന്ദര്‍ശനത്തിനായിരുന്നു ബസ് പുറപ്പെട്ടത്. മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് സിറ്റി പോലിസ് അറിയിച്ചു. കൂട്ടിയിടിച്ച ബസ് കത്തിയമരുകയായിരുന്നു. പരിക്കേറ്റവരെ റെഡ് ക്രസന്റും മറ്റു സുരക്ഷാവിഭാഗങ്ങളും ചേര്‍ന്ന് ഹംനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലയാളികള്‍ അപകടത്തില്‍ പെട്ടതായി ഇതുവരെ അറിയാവിട്ടില്ല. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ അല്‍ ഹംസ, വാദി അല്‍ ഫര്‍അ എന്നിവടങ്ങളിലെ ആശുപത്രികളിലാണ് ഉള്ളത്.
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കാന്‍ മദീന അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.






