സി.കെ മുഹമ്മദ് നജീബിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി

ജിദ്ദ: ഇരുപത്തഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ശാന്തപുരം അല്‍ ജാമിഅ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രമുഖ വാഗ്മിയും പണ്ഡിതനുമായ സി.കെ മുഹമ്മദ് നജീബിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ശാന്തപുരം അല്‍ ജാമിഅ ജിദ്ദ ഘടകം നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സന്നിഹിതരായിരുന്നു.

സി.കെ മുഹമ്മദ് നജീബിന്റെ ജീവിത വഴികള്‍ ഇബ്രാഹീം ശംനാട് അവതരിപ്പിച്ചു. കൊച്ചിയില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശാന്തപുരം അല്‍ ജാമിഅയിലായിരുന്നു ഉപരിപടനം നടത്തിയിരുന്നത്. പിന്നീട് ഒരു ദശകത്തോളം തിരുവനന്തപുരം മുരുക്കുംമ്പുഴ, നീര്‍ക്കുന്നം, ആലുവ ചാലക്കല്‍, ഇടവിലങ്ങ് തുടങ്ങിയ മഹല്ലുകളില്‍ ഖത്തീബായി സേവനമനുഷ്ടിക്കുകയും ഒരുവര്‍ഷം ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും മുഴുകുകയും ചെയ്തു. കഴിഞ്ഞ 25 വര്‍ഷമായി അതിയ്യ സ്റ്റീല്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്തുവരികയാണ്. ഒമ്പത് വര്‍ഷം തനിമ ജിദ്ദ സൗത് സോണിന്റെ സാരഥിയായും എട്ട് വര്‍ഷം അഖില സൗദി അധ്യക്ഷനായും ഉപാധ്യക്ഷനാവുകയുണ്ടായി.

ചടങ്ങില്‍ പ്രസിഡന്റ് ആബിദ് ഹുസൈന്‍ കരുവാരക്കുണ്ട് അധ്യക്ഷത വഹിച്ചു. ജിദ്ദ മലയാളി സമൂഹത്തില്‍ പൊതുസ്വീകാര്യത നേടിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സി.കെ മുഹമ്മദ് നജീബെന്നും നിരവധി പേരെ പ്രചോദിപ്പിച്ച്‌കൊണ്ട് ഉന്നതിയിലലെത്തിച്ചിരുന്നുവെന്നും ആശംസകള്‍ നിര്‍വ്വഹിച്ച് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. വിനയം കൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സി.കെ നജീബെന്ന് പി.കെ ഉമ്മര്‍കുട്ടി അഭിപ്രായപ്പെട്ടു. അഗാധമായ സ്‌നേഹവായ്പ് പ്രകടിപ്പിച്ച വ്യക്തിയായിരുന്നു നജീബെന്നും പഠനകാലം മുതല്‍ തന്നെ അടുത്ത് സൗഹൃദം പുലര്‍ത്തിയിരുന്നതായും പി.എ മുഹമ്മദ് അഭിപ്രായപ്പെട്ടു. കെ.കെ നിസാര്‍, കെ.എച്ച് റഹീം, കെ.എം.ഹനീഫ, ശിഹാബ് കരുവാരക്കുണ്ട്, അനീസ് ഇരുമ്പൂഴി തുടങ്ങിയവര്‍ സംസാരിച്ചു. വി.വി.കെ ഹനീഫ, സാദിഖലി തുവ്വൂര്‍ ഗാനമാലപിച്ചു.

ജീവിതത്തില്‍ ചില ആദരവുകള്‍ ലഭിക്കും. എന്നെന്നും മധുരോതരമായ ഓര്‍മ്മകള്‍. ആ ഓര്‍മ്മകള്‍ ജീവിതത്തെ മുന്നോട്ട് ചലിപ്പിക്കുന്ന ഊര്‍ജജമാണെന്ന് യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തികൊണ്ട് സി.കെ നജീബ് പറഞ്ഞു. ടി.എം അബ്ദുസലാം സ്വാഗതവും തമീം മമ്പാട് നന്ദിയും പറഞ്ഞു. സക്കീര്‍ ഹുസൈന്‍ വലമ്പൂര്‍ ഖിറാഅത് നിര്‍വ്വഹിച്ചു.