ബിനാമി ഇടപാട് ജിദ്ദയില്‍ 3 ജ്വല്ലറികള്‍ അടപ്പിച്ചു

ജിദ്ദ: സ്വര്‍ണ്ണവും ആഭരണങ്ങളും വില്‍ക്കുവാനുള്ള ലൈസന്‍സ് ഇല്ലാതെ പ്രവൃത്തിക്കുകയായിരുന്ന മൂന്ന് ജ്വല്ലറികള്‍ വാണിജ്യ നിക്ഷേപ മന്ത്രാലയത്തിലെ പരിശോധനവിഭാഗം ജിദ്ദയില്‍ അടപ്പിച്ചു. അറബ് വംശജരായ വിദേശികളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനം ബിനാമിയായാണ് നടത്തപ്പെടുന്നതെന്ന് സംശയിക്കുന്നു.

വിലയേറിയ ലോഹങ്ങളും കല്ലുകളും നിയമപരമായി വില്പന നടത്തുവാനുള്ള നിബന്ധനകള്‍ പാലിക്കാതെ പ്രവൃത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടുകയും കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വിദേശികളെ ജനറല്‍ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

ഇത്തരം ഇടപാടുകളില്‍ പിടിക്കപ്പെട്ടാല്‍ രണ്ടു വര്‍ഷം തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും വിദേശികളാണെങ്കില്‍ ശിക്ഷയുടെ കാലാവധിക്കുശേഷം നാടുകടത്തുകയും ചെയ്യും. സ്വന്തം ചിലവില്‍ നിയമലംഘനം സംബന്ധമായി പത്രങ്ങളില്‍ പരസ്യപ്പെടുത്തുകയും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി ലൈസന്‍സ് റദ്ദ് ചെയ്യുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.