പ്രവാചക ജീവിത ചരിത്രപഠനം: മക്കയില്‍ മ്യുസിയവും എക്‌സിബിഷന്‍ സെന്ററും വരുന്നു

മക്ക: പ്രവാചക ജീവിത ചരിത്രവും ഇസ്‌ലാമിക നാഗരികതയും പ്രദര്‍ശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മക്കയില്‍ സ്ഥിരം എക്‌സിബിഷന്‍ സെന്റെറും ഇന്റര്‍നാഷണല്‍ മ്യുസിയവും നിര്‍മ്മിക്കുവാന്‍ വേള്‍ഡ് ഇസ്‌ലാമിക് ലീഗും (റാബിത) ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റിയും ധാരണയായി. ധാരണാ പത്രത്തില്‍ ഒപ്പിടുന്നതിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ അമീര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ സാക്ഷ്യം വഹിച്ചു.

മ്യുസിയം നിര്‍മ്മാണത്തിനായി വാദി മക്ക ടെക്‌നോളജി കമ്പനിയെ പ്രതിനിധീകരിച്ചാണ് ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റി കരാറില്‍ ഒപ്പുവെച്ചത്. അല്‍ഫൈസലിയ്യ പ്രോജക്ടിന്റെ ഭാഗമായാണ് മ്യുസിയവും എക്‌സിബിഷന്‍ സെന്ററും നിര്‍മ്മിക്കുന്നത്. റാബിതയെ പ്രതിനിധീകരിച്ചു ജനറല്‍ സെക്രട്ടറി ഷെയ്ഖ് ഡോക്ടര്‍ മുഹമ്മദ് അല്‍ ഈസ, വാദി മക്ക ടെക്‌നോളജി കമ്പനി ഡയറക്ടറും ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റി മാനേജറുമായ ഡോക്ടര്‍ അബ്ദുല്ല ബാഫീലും ആണ് കരാറില്‍ ഒപ്പുവെച്ചിട്ടുള്ളത്.

പ്രവാചക ജീവിത ചരിത്രം പ്രചരിപ്പിക്കുക, പ്രവാചകനെ പരിചയപ്പെടുത്തുക, ഇസ്‌ലാമിന്റെ ശരിയായ മുഖം എന്താണെന്ന് വ്യക്തമാക്കുക എന്നിവ ലക്ഷ്യമാക്കിയാണ് മക്കയിലെ ആബിദിയ്യയില്‍ ലോകോത്തര നിലവാരമുള്ള സ്ഥിരം എക്‌സിബിഷന്‍ സെന്ററും മ്യുസിയവും വരുന്നത്. ‘ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് മ്യൂസിയം ഫോര്‍ പ്രോഫറ്റ് ബയോഗ്രഫി ആന്‍ഡ് ഇസ്‌ലാമിക് സിവിലൈസേഷന്‍ (പ്രവാചക ജീവചരിത്രവും ഇസ്‌ലാമിക നാഗരികതക്കുമുള്ള അന്തര്‍ദേശീയ എക്‌സിബിഷന്‍ ആന്‍ഡ് മ്യൂസിയം)’ എന്ന പേരിലാണ് എക്‌സിബിഷന്‍ സ്‌റ്റേഷറും മ്യുസിയവും വരുന്നത്.

വിശുദ്ധ പ്രവാചകരുടെ മാതൃകാ ജീവിതവും സന്ദേശവും ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിന്റെ നന്മയെ പ്രചരിപ്പിക്കുകയും ബോധവല്‍കരണം നടത്തുകയും ചെയ്യുന്നതിനും ഈ സെന്റര്‍ സഹായകമാവും. ആധുനിക സാങ്കേതിക സംവിധാനം വഴി തന്ത്രപരമായും നൂതനമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചുമായിരിക്കും എക്‌സിബിഷന്‍ സെന്ററും മ്യുസിയവും പ്രവര്‍ത്തിക്കുക.

വിശുദ്ധ ഖുര്‍ആനും തിരുചര്യയും പ്രചരിപ്പിക്കുന്നതില്‍ സൗദി അറേബ്യയുടെ ശ്രമങ്ങളും ഭരണാധികാരികളുടെ പിന്തുണയും പ്രകടിപ്പിക്കുന്നതിനും ഈ സെന്റര്‍ കാരണമാവും. കരാര്‍പ്രകാരം വാദി മക്ക ടെക്‌നോളജി കമ്പനിക്ക് മ്യുസിയവും എക്‌സിബിഷന്‍ സെന്ററും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുയോജ്യമായ ഭൂമിയും താല്‍കാലികമായി ഒന്നാംഘട്ട ഉത്ഘാടനത്തിനുള്ള സ്ഥലവും ലഭിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനവുമായി കമ്പനി മുന്നോട്ട് പോവുകയും ചെയ്യും.