ഉംറ സര്‍വ്വീസ് ഫീസ് പുറത്തുനിന്നു തന്നെ അടക്കണമെന്ന് മന്ത്രാലയം

നഷ്ടം മൂലം ഉംറ കമ്പനികള്‍ രംഗം വിട്ടുപോയിട്ടില്ല

ഉംറ സര്‍വ്വീസ് ഫീസ് വിദേശത്തുനിന്നുതന്നെ അടക്കണം

ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ഫീസുകള്‍ നടത്തേണ്ടത്

മക്ക: വിദേശത്ത് നിന്നും ഉംറക്ക് വരുന്ന തീര്‍ത്ഥാടകരുടെ ഉംറ സര്‍വ്വീസ് ഫീസ് വിദേശത്തുനിന്നുതന്നെ അടക്കുവാന്‍ ഉംറ കമ്പനികളോട് ഹജജ് ഉംറ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

അറബ് നാണയ ഏജന്‍സിയും ഹജജ് മന്ത്രാലയവും തമ്മിലുള്ള ഏകോപനത്തിന്റെ അടിസ്ഥാനത്തില്‍ ഹജജ് മന്ത്രാലയം വികസിപ്പിച്ചെടുത്ത ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ഫീസുകള്‍ നടത്തേണ്ടത്. രാജ്യത്തിനകത്തുവെച്ച് ഫീസടക്കുവാന്‍ സ്വീകരിക്കുകയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. വിദേശത്തുള്ള ചില ഉംറ ഏജന്‍സികളുടെ കൃതിമത്വം തടയുന്നത് ലക്ഷ്യം വെച്ചുള്ള നീക്കമായാണ് നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.

അതേസമയം തീര്‍ത്ഥാടകര്‍ തെരഞ്ഞെടുത്ത ഉംറ പേക്കേജുകള്‍ക്കനുസൃതമായും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുകളില്‍ പരസ്യപ്പെടുത്തിയ സേവനങ്ങളും തീര്‍ത്ഥാടകര്‍ക്ക് ചെയ്തുകൊടുക്കുവാനുള്ള പദ്ധതികള്‍ ഉംറ സേവന കമ്പനികള്‍ ആസൂത്രണം ചെയ്തതായി ഹജജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ അസീസ് വസ്സാന്‍ വ്യക്തമാക്കി.

നഷ്ടം മൂലം 700 ഉംറ കമ്പനികളില്‍ 200 കമ്പനികള്‍ ഈ മേഖലയില്‍ നിന്നും പിന്‍വലിയുന്നു എന്ന തരത്തില്‍ കഴിഞ്ഞ ദിവസം സമൂഹ്യമാധ്യങ്ങളിലും ചില പത്രങ്ങളിലും വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന്  അദ്ദേഹം വ്യക്തമാക്കി. ഇക്കഴിഞ്ഞ മുഹറം മാസം മുതല്‍ക്കാണ് ഉംറ തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങിയത്. പടിപടിയായി തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അടുത്ത ശവ്വാല്‍ പതിനഞ്ചോടെ ഈ വര്‍ഷത്തെ ഉംറ സീസണ്‍ അവസാനിക്കുമ്പോള്‍ 10 മില്യണ്‍ (ഒരു കോടി) ഉംറ തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അബ്ദുല്‍ അസീസ് വസ്സാന്‍ സൂചിപ്പിച്ചു.

ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനായി ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍ നാഷണല്‍ വിമാനത്താവളവും മദീന അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളവും സുസജജമായിട്ടുണ്ടെന്നും തീര്‍ത്ഥാടകരുടെ യാത്രാ നടപടിക്രമങ്ങള്‍ ലളിതമായും വേഗത്തിലും പൂര്‍ത്തിയാക്കുന്നതിന് ഗവണ്‍മെന്റ് ഏജന്‍സികള്‍ തയ്യാറെടുത്തുകഴിഞ്ഞുവെന്നും വസ്സാന്‍ അറിയിച്ചു.