സുലൈമാനിയ്യ റെയില്‍വേ സ്‌റ്റേഷനില്‍ നിക്ഷേപമിറക്കിയവരുടെ അവകാശം സുരക്ഷിതം

ജീവനക്കാരുടെ ശമ്പളം മുടങ്ങില്ല

നിക്ഷേപകരുടെ അവകാശങ്ങള്‍ കരാര്‍ പ്രകാരം സുരക്ഷിതം

ജിദ്ദ: ഹറമൈന്‍ അതിവേഗ റയില്‍വേയുടെ ജിദ്ദയിലെ പ്രധാന സ്‌റ്റേഷനായ സുലൈമാനിയ്യ സ്‌റ്റേഷനില്‍ നിക്ഷേപമിറക്കി കച്ചവട സ്ഥാപങ്ങള്‍ നടത്തിയിരുന്ന നിക്ഷേപകരുടെ അവകാശങ്ങള്‍ നേരത്തെ ഇരുകക്ഷികളും ഒപ്പിട്ടു ഉറപ്പിച്ച കരാര്‍ പ്രകാരം സുരക്ഷിതമാണെന്ന് സൗദി ഗതാഗത മന്ത്രാലയം വ്യക്തമാക്കി. ഇരു കക്ഷികളും തൃപ്തരാവുന്ന പരിഹാരം ഉണ്ടാവുമെന്നും മന്ത്രാലയം അറിയിച്ചു.

തീപിടുത്തമോ മറ്റോ ഉണ്ടാകുന്നതുമൂലം കച്ചവട സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചാല്‍ അതിനെ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഉത്തരവാദിത്വം കൃത്യമായി എഗ്രിമെന്റില്‍ പറയുന്നുണ്ടെന്നും താമസിയാതെ നിക്ഷേപകരുമായി ഉണ്ടാക്കിയ എഗ്രിമെന്റ് പ്രകാരം മുന്നോട്ട് പോകുമെന്നും ഗതാഗത മന്ത്രാലയം വെളിപ്പെടുത്തി.

നിക്ഷേപകര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും നഷ്ടപരിഹാരവും നല്‍കും. തുടര്‍ന്ന് ഇരുകക്ഷികളും സംതൃപ്തരാവുന്ന പരിഹാരമുണ്ടാക്കും. ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചെങ്കിലും സ്‌റ്റേഷനുകളിലും ട്രെയിനുകളിലും ഉള്ള ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാതെയും താമസിക്കാതെയും  ലഭിക്കുമെന്നും  മന്ത്രാലയം അറിയിച്ചു.