പ്രവാസി ജിദ്ദ പെന്‍ഷന്‍ ക്ഷേമനിധി കാര്‍ഡുകള്‍ വിതരണം ചെയ്തു

ജിദ്ദ: പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ ഷറഫിയയില്‍ നടത്തിവരുന്ന ഹെല്‍പ് ഡെസ്‌ക്കിലൂടെ  ലഭിച്ച കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ പദ്ധതി കാര്‍ഡുകളുടെ രണ്ടാം ഘട്ട  വിതരണം ഷറഫിയയില്‍  നടന്നു. അശോകന്‍  രാഘവന്  കാര്‍ഡ്  നല്‍കികൊണ്ട് മാധ്യമ പ്രവര്‍ത്തകന്‍ പി.ഷംസുദ്ദീന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

സാധാരണക്കാരായ പ്രവാസികളെ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളാക്കുന്ന  പ്രവാസി സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങളെ പി.ഷംസുദ്ദീന്‍ പ്രശംസിച്ചു. സംഘ പരിവാര്‍  ശക്തികള്‍ രാജ്യത്തെ തന്നെ ഭിന്നിപ്പിച്ച് തങ്ങളുടെ അധികാര വലയം വിപുലമാക്കികൊണ്ടിരിക്കുന്ന  ഈ അവസരത്തില്‍ പ്രവാസികളിലെ ഒത്തൊരുമയും കരുതലും വര്‍ദ്ധിപ്പിക്കാനുതകുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ രാഷ്ട്രത്തിന്റെ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് നിറം നല്‍കുന്നു  എന്നും പി.ഷംസുദ്ദീന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

നോര്‍ക്ക ക്ഷേമപദ്ധതികളെ കുറിച്ച് വിശദീകരിച്ച യൂസുഫ് പരപ്പന്‍ സര്‍ക്കാരിന്റെ ക്ഷേമ  പദ്ധതികളില്‍ അംഗങ്ങളാവേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിശദമായി സംസാരിച്ചു.

റഷീദ് എടവനക്കാട്, വേങ്ങര നാസര്‍, ആമേന്‍ ഷറഫുദ്ദീന്‍ എന്നിവര്‍  നേതൃത്വം  നല്‍കി.   പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ അധ്യക്ഷത  വഹിച്ചു. ജനസേവന കോര്‍ഡിനേറ്റര്‍ കെ.എം കരീം  സ്വാഗതവും എം.പി അഷറഫ് നന്ദിയും  പറഞ്ഞു.

എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണി മുതല്‍ 10 മണിവരെ ഷറഫിയ ഹില്‍  ടോപ്  ഓഡിറ്റോറിയത്തില്‍ സജജമാക്കിയ ഹെല്‍പ് ഡെസ്‌ക്കില്‍ കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ പദ്ധതി കാര്‍ഡുകളുടെ അപേക്ഷ സ്വീകരിക്കും.

പ്രവാസി ജിദ്ദ ക്ഷേമനിധി പെന്‍ഷന്‍ കാര്‍ഡുകളുടെ രണ്ടാം ഘട്ട വിതരണം പി.ഷംസുദ്ധീന്‍  നിര്‍വഹിക്കുന്നു.