മുത്തൂറ്റ് സമരം: തൊഴിലാളികളുടെ ഇഛാശക്തിയും നിലപാടുകളിലെ സത്യസന്ധതയും വിജയം കണ്ടു – കേളി റിയാദ്

റിയാദ്: 52 ദിവസം പിന്നിട്ട മുത്തൂറ്റ് സമരം വിജയത്തിലെത്തിച്ച തൊഴിലാളികളെ കേളി കലാ സാംസ്‌കാരിക വേദി സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.

ശമ്പള വര്‍ദ്ധന ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുത്തൂറ്റിലെ തൊഴിലാളികള്‍ സമരം നടത്തിയത്. സമരത്തെ പരാജയപ്പെടുത്താന്‍ മുത്തൂറ്റ് മാനേജ്‌മെന്റ് നടത്തിയ എല്ലാ കുത്സിത നീക്കവും നേരിട്ടാണ് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള തൊഴിലാളികള്‍ സമരത്തില്‍ ഉന്നയിച്ച മിക്ക ആവശ്യങ്ങളും നേടിയെടുത്തതെന്നും തൊഴിലാളികളുടെ ഇഛാശക്തിയും നിലപാടുകളിലെ സത്യസന്ധതയുമാണ് സമര വിജയത്തിന് ആധാരമെന്നും കേളി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ നടത്തിവന്ന സമരത്തെ അപഹസിക്കാനും വ്യാജപ്രചാരണങ്ങളിലൂടെ പരാജയപ്പെടുത്താനും ശ്രമിച്ച സമൂഹത്തിലെ പിന്തിരിപ്പന്‍ ശക്തികള്‍ക്കുള്ള ശക്തമായ താക്കീതാണ് സമരത്തിന്റെ ഈ വിജയമെന്നും, സമരത്തിന്റെ വിജയത്തിനായി എല്ലാവിധ പിന്തുണയും നല്‍കിയ സമൂഹത്തിലെ നാനാതുറകളില്‍പെട്ട ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നതായും കേളിയുടെ പ്രസ്താവനയില്‍ പറഞ്ഞു.