യാഥര്‍ത്ഥ സംരംഭം എന്താണെന്ന് വിശദീകരിക്കുവാന്‍ തൊഴില്‍ മന്ത്രാലയം 4 ആഴ്ച സമയം നല്‍കി

റിയാദ്: സ്ഥാപനങ്ങള്‍ തുടങ്ങാനായി അപേക്ഷ നല്‍കുമ്പോള്‍ രേഖപ്പെടുത്തിയ സംരംഭങ്ങള്‍ക്ക് വിരുദ്ധമായി പ്രവൃത്തിക്കുന്നതും ലൈസിന്‍സ് നേടിയിട്ടും പ്രസ്തുത സംരംഭം തുടങ്ങാതിരിക്കയും ചെയ്യുന്ന സ്ഥാപനങ്ങളെ തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം നിരീക്ഷിച്ചുതുടങ്ങി. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ പദവി ശരിയാക്കുവാനായി തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം നാളെ മുതല്‍ 4 ആഴ്ച സമയം അനുവദിച്ചു. നിശ്ചിത സമയ പരിധിക്കുള്ളില്‍ പദവി ശരിയാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൗദി തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം അറിയിച്ചു.

തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ സ്ഥാപനങ്ങളുടെ യാഥര്‍ത്ഥ സംരംഭം ഏതാണെന്ന് വ്യക്തമാക്കുവാന്‍ അവസരമൊരുക്കിയിട്ടുണ്ട്.
മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഏത്തരം സംരംഭമാണ് തുടങ്ങുന്നതെന്ന് വ്യക്തമാക്കാറുണ്ട്. എന്നാല്‍ പല സ്ഥാപനങ്ങളും അപേക്ഷ നല്‍കുമ്പോള്‍ രേഖപ്പെടുത്തിയതിന് വിരുദ്ധമായ സംരംഭങ്ങളാണ് നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. റജിസ്റ്റര്‍ ചെയ്ത സംരംഭമല്ലാതെ മറ്റ് മേഖലകളിലല്ല പ്രവൃത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുകയുമാണ് മന്ത്രാലയം ലഭ്യമിടുന്നത്. ഇതിലുടെ നീതിപൂര്‍വ്വമായ മത്സരം ഉറപ്പിക്കുന്നതിനും കച്ചവട മേഖല പൂര്‍ണ്ണമായും നിയമ വിധേയമാക്കുവാനും ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രാലയം വാക്താവ് ഖാലിദ് അബുല്‍ ഖൈല്‍ അറിയിച്ചു.
ലക്ഷ്യമിടുന്ന സ്ഥാപനങ്ങളെ പദവി ശരിയാക്കുന്നതിനുള്ള അറിയിപ്പുകള്‍ മൊബൈല്‍ സന്ദേശങ്ങളിലൂടെയും ഫോണ്‍വിളികളിലൂടെയും മറ്റും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുകയും നിയന്ത്രണ വിധേയമാക്കുകയും ചെയ്യുമ്പോള്‍ സ്വദേശി വല്‍ക്കരണത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുകയും എളുപ്പമാവുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപന ഉടമകളോടും തങ്ങളുടെ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റെ ഓണ്‍ലൈനില്‍ പുതുക്കണമെന്നും അതിന് ശേഷം തൊഴില്‍ മന്ത്രാലയത്തില്‍ സംരംഭങ്ങള്‍ മാറ്റുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കണമെന്നും തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു. സ്ഥാപനങ്ങളുടെ യഥാര്‍ത്ഥ സംരംഭവും മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭവും യോജിച്ചു പോകുന്നതിന് വേണ്ടിയാണ് ഇങ്ങിനെ ആവശ്യമുന്നയിച്ചിട്ടുള്ളത്. സ്ഥാപനങ്ങളുടെ പദവി ശരിയാക്കാത്തപക്ഷം നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.