വിശുദ്ധ ഹറമിലെ യാചകനില്‍ നിന്ന് 31,000 റിയാല്‍ പിടികൂടി

മക്ക: വിശുദ്ധ ഹറം പള്ളിയിലെ യാചകനില്‍നിന്നും സുരക്ഷാ വിഭാഗം കണ്ടെത്തിയത് 31,000 റിയാല്‍(അഞ്ചേമുക്കാല്‍ ലക്ഷത്തോളം ഇന്ത്യന്‍ രൂപ). ഹറമിലെത്തുന്ന വിശ്വാസികളായ തീര്‍ത്ഥാടകരോടും  സന്ദര്‍ശകരോടും കൈകാണിച്ചു യാചിച്ചു നടന്നിരുന്ന ഒരു യാചകനെ പരിശോധിച്ച ഹറം സുരക്ഷാ വിഭാഗമാണ് ഇത്രയും തുകയോടെ യാചകനെ പിടികൂടിയത്.

യാചകനെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഹറം സുരക്ഷാവിഭാഗം കൈമാറിയിട്ടുണ്ട്. വിശുദ്ധ ഹറം മേഖല, യാചന നിരോധിത മേഖലയാണ്. ഹറമില്‍ യാചന പാടില്ലെന്ന് അധികൃതര്‍ പലപ്പോഴും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാചന ശ്രദ്ധയില്‍പെട്ടാല്‍ അത്തരക്കാരെ അധികൃതര്‍ പിടികൂടാറുണ്ട്.

അതേസമയം വിശ്വാസികളെ കബളിപ്പിച്ചു യാചന നടത്തിയ ആളെ പിടികൂടിയ ഹറം സുരക്ഷാ ഉദ്യോഗസ്ഥനായ അലി ബിന്‍ ആഇള് അസ്സഹ്‌റാനിയെ ഹറം സുരക്ഷാ വിഭാഗം അസിസ്റ്റന്‍സ് ഡയറക്ടര്‍ കേണല്‍ ഡോക്ടര്‍ ബദര്‍ ബിന്‍ സഊദ് ആദരിച്ചു. വിശുദ്ധ ഹറമില്‍ സേവനം ചെയ്യുന്ന നിങ്ങളെപോലുള്ളവര്‍ ഞങ്ങള്‍ക്ക് അഭിമാനമാണെന്ന് ആദരിക്കല്‍ ചടങ്ങില്‍ ബദര്‍ ബിന്‍ സഊദ് പറഞ്ഞു.