വന്‍ സാമ്പത്തിക നഷ്ടം; 200 ഉംറ കമ്പനികള്‍ രംഗം വിടുന്നതായി റിപ്പോര്‍ട്ട്

-ജാഫറലി പാലക്കോട്-
മക്ക: 12,000 സ്വദേശി ജീവനക്കാര്‍ തൊഴിലെടുക്കുന്ന 200ലധികം ഉംറ കമ്പനികളില്‍ വന്‍ സാമ്പത്തിക നഷ്ടം നേരിടുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക നഷ്ടം താങ്ങുവാന്‍ കഴിയാതെ 200 ഓളം കമ്പനികള്‍ മേഖല വിടുന്നതായി സൗദിയിലെ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
നഷ്ടം ഒരു ബില്യണ്‍ റിയാല്‍ വരെ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കമ്പനികള്‍ക്ക് ഉണ്ടായ നഷ്ടം മൂലം 200 ഓളം ഉംറ കമ്പനികള്‍ ഈ മേഖലയില്‍ നിന്ന് പുറത്തുകടക്കുമെന്നാണ് ഹജ്, ഉംറ ദേശീയ സമിതി പ്രതീക്ഷിക്കുന്നത്.
ഏതാനും ഉംറ കമ്പനികളുടെ ഉടമകള്‍ യഥാര്‍ത്ഥത്തില്‍ വിപണിയില്‍ നിന്ന് പുറത്തുപോകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയെന്ന് സമിതിയുടെ ജനറല്‍ മാനേജര്‍ മുഹമ്മദ് ബിന്‍ ബാദി അറിയിച്ചു. ഈ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുവാനുള്ള പ്രധാന കാരണമായി പറയുന്നത് ടൂറിസം വിസയിലെത്തുന്നവര്‍ക്ക് ഉംറ ചെയ്യുവാനുള്ള അവസരവും കൂടി നല്‍കുന്നുവെന്നാണ്. അതോടൊപ്പം ഹജജ് ഉംറ മന്ത്രാലയം പുതുതായി വികസിപ്പിച്ച ഓണ്‍ലൈന്‍ പോര്‍ട്ടര്‍ വേണ്ടരീതിയില്‍ ലക്ഷ്യം കാണുന്നില്ല. അഥവാ രാജ്യത്തിന് പുറത്തുള്ള തീര്‍ത്ഥാടകര്‍ക്കായി നവീകരിക്കപ്പെട്ട വെബ്‌സൈറ്റില്‍ ഉംറ കമ്പനികള്‍ ഹോട്ടലുകള്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംവിധാനം എന്നിവ സെലക്ട് ചെയ്തത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. തീര്‍ത്ഥാടകരുടെ രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്നതിനും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുവാനും വലിയ താമസം നേരിടുന്നുവെന്നും കമ്പനികള്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം മക്ക ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഓഫീസില്‍ നടന്ന ശില്പശാലയില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ എങ്ങിനെ രക്ഷപ്പെടുത്താം എന്ന് ചര്‍ച്ചചെയ്യുകയുണ്ടായി. നിലവിലെ പ്രതിസന്ധി മറികടക്കുവാന്‍ ഉടനടി ഹജജ് ഉംറ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക, ഓണ്‍ലൈന്‍ സംവിധാനം ഒന്നുകൂടി പരിശ്കരിക്കുക, ടൂറിസം മേഖലയിലൂടെ തന്നെ ഉംറ വിസ ഇഷ്യൂ ചെയ്യുവാന്‍ ടൂറിസം അതോറിറ്റിയുമായി സഹകരണം ഉണ്ടാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ശില്പശാലയില്‍ ഉയര്‍ന്നുവന്നതെന്ന് സമിതിയുടെ ജനറല്‍ മാനേജര്‍ മുഹമ്മദ് ബിന്‍ ബാദി വ്യക്തമാക്കി.






