വീട് നിര്‍മ്മിച്ച് താമസിക്കുന്ന സ്വദേശികളുടെ എണ്ണത്തില്‍ വര്‍ധനവ്

റിയാദ്: രാജ്യത്ത് വീട് നിര്‍മ്മിക്കുകയോ വീട് വാങ്ങുകയോ ചെയ്ത് സ്വന്തം ഉടമസ്ഥതയിലുള്ള വീടുകളിലും ഫ്‌ളാറ്റുകളിലും താമസിക്കുന്ന സ്വദേശികളുടെ എണ്ണവും സ്വദേശി കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളുടെ എണ്ണവും വര്‍ധിച്ചുവരുന്നതായി സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്‌സ് വ്യക്തമാക്കി.

വാടക കരാറില്‍ ഫ്‌ളാറ്റുകളിലും വീടുകളിലും താമസിക്കുന്ന സ്വദേശികളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കണ്ടെത്തിയതെന്ന് സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്‌സ് അറിയിച്ചു.

2019 വര്‍ഷത്തെ ആദ്യപകുതിയുടെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 62.08 ശതമാനം സ്വദേശികളും സ്വന്തം ഉടമസ്ഥതയിലുള്ള വീടുകളിലും താമസ സ്ഥലങ്ങളിലുമാണ് താമസിക്കുന്നത് എന്ന് ബോധ്യമായി. 2018 പകുതിയില്‍ ഇത് 60.49 ശതമാനമായിരുന്നുവെന്നും അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്‌സ് വ്യക്തമാക്കി.

കൂടാതെ വാടകക്ക് താമസിക്കുന്ന സ്വദേശികളുടെ എണ്ണത്തില്‍  5.68 ശതമാനം കുറവുള്ളതായും  അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്‌സ് വ്യക്തമാക്കി.