ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കോഴിക്കോടന്‍ ഫെസ്റ്റ് വെള്ളിയാഴ്ച

ദമ്മാ: കിഴക്കന്‍ പ്രവിശ്യാ കോഴിക്കോട് ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ‘കോഴിക്കോടന്‍ ഫെസ്റ്റ്” ഒക്‌ടോബര്‍ പതിനൊന്നിന് ഉച്ചക്ക് ഒരു മണി മുതല്‍ ദമ്മാം ഫൈസലിയ്യയിലെ അലിഖ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ദമ്മാമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഭാരവാഹികള്‍ ഇത് സംബന്ധമായി അറിയിച്ചത്.

‘ഞാനറിഞ്ഞ സി.എച്ച്” എന്ന വിഷയത്തില്‍ സൗദി ദേശീയതല പ്രബന്ധ രചനാ മത്സരം, 14 ജില്ലകള്‍ തമ്മില്‍ മാറ്റുരക്കുന്ന വടംവലി മത്സരം, വിവിധ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ ക്വിസ് മത്സരം, കോഴിക്കോടിന്റെ രുചിപ്പെരുമ വിളിച്ചോതുന്ന സ്ത്രീകളുടെ ഫുഡ് ഫെസ്റ്റിവല്‍, വിവിധ കലാപരിപാടികള്‍ എന്നിവയും അരങ്ങേറും.

‘സി.എച്ച് മുഹമ്മദ് കോയ കര്‍മ്മസേവാ പുരസ്‌കാരം’ യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിനും, സി.എച് മുഹമ്മദ് കോയ ബിസിനസ് എക്‌സലന്‍സി അവാര്‍ഡ് ടി.എം അഹമ്മദ് കോയ സാഹിബിനും, മികച്ച ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ദമ്മാം നന്മ അദാലത്തിനും ചടങ്ങില്‍ സമര്‍പ്പിക്കും. മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയും എംപിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍, തമിഴ്‌നാട് എം.പി നവാസ് ഗനി, യൂത്ത് ലീഗ് ദേശീയ നേതാവ് സി.കെ സുബൈര്‍, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സാജിദ് നടുവണ്ണൂര്‍ എന്നിവര്‍ സംബന്ധിക്കും.

രജിസ്റ്റര്‍ ചെയ്യപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി ബിരിയാണി തീറ്റ മത്സരങ്ങള്‍, മര്‍ഹൂം സി. ഹാഷിം സാഹിബ് നഗരിയില്‍ അണിയിച്ച് ഒരുക്കുന്ന സി.എച്ചിന്റെ ലോകം, ചിത്ര പ്രദര്‍ശനം, സി.എച്ച് എഴുതിയതും സി.എച്ചിനെ കുറിച്ച് എഴുതിയതുമായ പുസ്തകങ്ങള്‍, കാരിക്കേച്ചറുകള്‍, സി. എച്ചിന്റെ പ്രസംഗങ്ങള്‍, സി.എച്ച് ഫലിതങ്ങള്‍, സി.എച്ചിന്റെ മൊഴിമുത്തുകള്‍, ഡോക്യുമെന്റ്ററികള്‍, തത്സമയ സി.എച്ച് ചിത്ര രചന, സി.എച്ച് അനുസ്മരണ പാട്ട്പുര എന്നിങ്ങനെ വിവിധയിനം പരിപാടികള്‍ കോര്‍ത്തിണക്കിയാണ് ഫെസ്റ്റ് അണിയിച്ചൊരുക്കുന്നത്.

പരിപാടിയുടെ വിജയത്തിന്നായി മാമുനിസാര്‍ ചെയര്‍മാനും റഹ്‌മാന്‍ കാരയാട് ജനറല്‍ കണ്‍വീനറുമായുള്ള 101 അംഗ സ്വാഗതസംഘം കമ്മിറ്റി സജീവമായി കഴിഞ്ഞതായും വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.