സുലൈമാനിയ്യ റെയില്‍വേ സ്‌റ്റേഷനു പകരം എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന്‍.

പുതിയ പാതയുടെ നിര്‍മ്മാണവും പുരോഗമിക്കുന്നു.
ജിദ്ദ: ജിദ്ദയിലെ സുലൈമാനിയ്യയിലുള്ള ഹറമൈന്‍ റെയില്‍വേ സ്‌റ്റേഷന്‍ അഗ്‌നിക്കിരയായതിനെ തുടര്‍ന്ന് താല്‍കാലികമായി കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷനിലേക്ക് പ്രവര്‍ത്തനങ്ങള്‍ മാറ്റുന്നു. ഈ മാസം 30-ഓടുകൂടി റെയില്‍വേ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഗ്‌നിക്കിരയായ റെയില്‍ പാതക്ക് പകരമായി പുതിയ റെയില്‍ പാതയുടെ നിര്‍മ്മാണ ജോലി തുടങ്ങിയതായി വാര്‍ത്താ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
സുലൈമാനിയ്യ റെയില്‍വേ സ്‌റ്റേഷന്‍ പുതുക്കിപ്പണിയുന്നത് വരെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റെയില്‍വേ സ്‌റ്റേഷന്‍ ജിദ്ദയിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനായി പ്രവൃത്തിക്കും.
ആഴ്ചയില്‍ 30 ട്രിപ്പുകളായിരിക്കും തുടക്കത്തില്‍ ഉണ്ടാവുക. പിന്നീട് വര്‍ഷാവസാനത്തോടെ ആഴ്ചയില്‍ 80 ട്രിപ്പുകളാക്കി ഉയര്‍ത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സുലൈമാനിയ്യ റെയില്‍വേ സ്‌റ്റേഷനിലെ അഗ്‌നിക്കിരയായ റെയില്‍വേ പാളത്തിനു പകരം പുതിയ പാളത്തിന്റെ നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്. നിലവിലെ റെയില്‍ പാളത്തിന്റെ കിഴക്കുഭാഗത്തായി എക്‌സ്പ്രസ് ഹൈവേയുടെയും റെയില്‍വേ സ്‌റേഷന്റെയും ഇടയിലുള്ള സ്ഥലത്തുകൂടിയാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് ഹറമൈന്‍ അതിവേഗ ട്രെയിനിന്റെ ജിദ്ദയിലുള്ള ഏറ്റവും വലിയ സ്‌റ്റേഷന്‍ അഗ്‌നിക്കിരയായത്. റയില്‍വേ സ്‌റ്റേഷന്‍ പൂര്‍ണ്ണമായും കത്തി നശിക്കുകയും റെയില്‍ ഗതാഗതം തകരാറിലാവുകയും ചെയ്തിരുന്നു.






