മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സൗജന്യ യാത്ര

റിയാദ്: ടാക്‌സി വാഹങ്ങളിലെ യാത്ര നിരക്കുകള്‍ സൂചിപ്പിക്കുന്ന മീറ്ററുകള്‍ പ്രവര്‍ത്തനരഹിതമായാല്‍ യാത്രക്കാരില്‍ നിന്നും ഫീസ് ഇടാക്കുവാന്‍ പാടില്ലെന്നും അവര്‍ക്ക് സൗജന്യമായി യാത്ര ചെയ്യുവാന്‍ സൗകര്യമൊരുക്കണമെന്നും സൗദി ഗതാഗത മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

പൊതു ടാക്‌സിയും ഫാമിലി ടാക്‌സിയും(ഷീ ടാക്‌സി) എയര്‍പോര്‍ട്ട് ടാക്‌സിയും യാത്രാനിരക്കുകള്‍ കണക്കാക്കപ്പെടുന്ന മീറ്ററുകള്‍ പ്രവര്‍ത്തനക്ഷമതയില്ലെങ്കില്‍ യാത്ര സൗജന്യമായിരിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.

അതേസമയം ‘മീറ്റര്‍ പ്രവര്‍ത്തന രഹിതമായാല്‍ യാത്ര സൗജന്യമായിരിക്കും’ എന്ന ബോര്‍ഡ് കാറിനകത്ത് വെക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ടാക്‌സി ലൈസന്‍സ് കിട്ടിയ കാറുകള്‍ മീറ്റര്‍ ഇല്ലാതെ യാത്ര ചെയ്താലും യാത്രയുടെ തുടക്കത്തില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നില്ലെങ്കിലും 3000 റിയാല്‍ പിഴ അടക്കേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമായാക്കി.

ഫാമിലി ടാക്‌സി ലൈസന്‍സ് ലഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചുരുങ്ങിയത് 5 പുതിയ (നേരത്തെ രാജ്യത്തിനകത്തോ പുറത്തോ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത) കാറുകള്‍ വേണമെന്നും ഈ കാറുകള്‍ സ്വദേശികളായ വനിതാ ഡ്രൈവര്‍മാര്‍ മാത്രം ഓടിക്കണമെന്നും നിബന്ധനയുണ്ട്. എന്നാല്‍ പൊതു ടാക്‌സികള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിന് റിയാദ്, ജിദ്ദ, മക്ക എന്നീ സിറ്റികളില്‍ ചുരുങ്ങിയത് 250 കാര്‍ വേണമെന്നും ദമ്മാം മദീന നഗരങ്ങളില്‍ ചുരുങ്ങിയത് 100 കാര്‍ വേണമെന്നും നിബന്ധനയുണ്ട്. ബാക്കിയുള്ള നഗരങ്ങളില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റിയുടെ തീരുമാനപ്രകാരം ചുരുങ്ങിയ കാറുകളുടെ എണ്ണം നിശ്ചയിച്ചിട്ടുണ്ട്.

എയര്‍പോര്‍ട്ട് ടാക്‌സി ലൈസന്‍സ് ലഭിച്ചവര്‍ സിറ്റികളില്‍ ടാക്‌സി ഓടുകയോ സിറ്റികളില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് ടാക്‌സി ഓടുകയോ ചെയ്യരുത്. മറിച്ചു എയര്‍പോര്‍ട്ടില്‍ നിന്നും സിറ്റികളിലേക്കും യാത്രക്കാരുടെ ലക്ഷ്യ സ്ഥാനത്തേക്കും മാത്രമേ ടാക്‌സി ഓടുവാന്‍ അനുവാദമുള്ളൂ. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭിക്കുന്നതിനും ടാക്‌സി സംവിധാനം ഏകീകരിക്കുന്നതിനും ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ടാക്‌സി കമ്പനികള്‍ക്ക് നിരവധി നിയമാവലികള്‍ അടങ്ങിയ സര്‍ക്കുലര്‍ ഗതാഗത മന്ത്രാലയം പുറത്തിറക്കിയിരുന്നു.