നിയമക്കുരുക്കില്‍പെട്ട തൊഴില്‍രഹിതര്‍ക്ക് സഹായഹസ്തവുമായി കേളി

റിയാദ്: ഒന്‍പത് മാസത്തോളമായി തൊഴിലും വേതനവുമില്ലാതെ ദുരിതമനുഭവിക്കുന്ന റിയാദിലെ സുലൈലെ എസ്.എസ്.സി.എല്‍ ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്ക് അവശ്യസാധനങ്ങളും മരുന്നുകളും എത്തിച്ചുകൊണ്ട് കേളി ജീവകാരുണ്യ കമ്മിറ്റിയുടെ ഇടപെടല്‍.

കേളി പ്രവര്‍ത്തകര്‍ ലേബര്‍ ക്യാമ്പിലെത്തുകയും 87 തൊഴിലാളികള്‍ ക്യാമ്പില്‍ കഷ്ടപ്പെടുന്ന വിവരം എംബസി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നു. എംബസി മുഖാന്തരം ലേബര്‍ കോടതിയില്‍ പരാതി നല്‍കി അനുകൂല വിധി സമ്പാദിച്ചെങ്കിലും, വിധി നടപ്പിലാക്കി തൊഴിലാളികളെ നാട്ടിലേക്ക് അയക്കുന്നതിന്ന് കമ്പനിയുടെ സാമ്പത്തിക പ്രതിസസ്ഥിതി മൂലം സാധിച്ചില്ല. ഈ സാഹചര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാക്കുന്നതിനായി മേല്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

എംബസിയുടെ സമയോചിതമായ ഇടപെടല്‍ മൂലം തൊഴിലാളികള്‍ക്കുള്ള ഭക്ഷണം കമ്പനിയുടെ സ്‌പോണ്‍സര്‍ കൃത്യമായി നല്‍കുന്നുണ്ടെങ്കിലും, ദൈനംദിന ജീവിതത്തില്‍ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ സാമ്പത്തികശേഷി ഇല്ലാത്ത സാഹചര്യം മനസ്സിലാക്കിയ കേളി, പൊതു സമൂഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ഏതാനും സ്ഥാപനങ്ങളുടെ സഹായത്തോടെ തൊഴിലാളികള്‍ക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളും, മരുന്നുകളും, വസ്ത്രങ്ങളും എത്തിച്ച് നല്‍കുകയുമായിരുന്നു.

കേളിയുടെ സുലൈ, ബത്ത, ന്യൂ സനയ്യ എന്നീ ഏരിയ കമ്മിറ്റികളില്‍ നിന്നുള്ള ജീവകാരുണ്യ പ്രവര്‍ത്തകര്‍ കൈകോര്‍ത്താണ് അവശ്യസാധനങ്ങളും, വസ്ത്രങ്ങളും മരുന്നും ശേഖരിച്ചതും വിതരണം ചെയ്തതും.