ആള്‍ക്കൂട്ടക്കൊലകളില്‍ ആശങ്കയറിയിച്ചവര്‍ക്കെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹം: കേളി റിയാദ്

റിയാദ്: രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങളും വിദ്വേഷ പ്രചരണങ്ങളും വര്‍ദ്ധിച്ചുവരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച എഴുത്തുകാര്‍ക്കും കലാകാരന്‍മാര്‍ക്കും എതിരെ കേസെടുത്ത നടപടിയില്‍ പ്രതിഷേധിക്കുന്നതായി റിയാദ് കേളി സാംസ്‌കാരിക വിഭാഗം പ്രതിഷേധകുറിപ്പില്‍ പറഞ്ഞു.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ സത്വര നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തെഴുതിയവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട കോടതി നടപടി ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും പൗരസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന നീതി നിഷേധമാണെന്ന് പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു. നിയമ ലംഘകരായ കുറ്റവാളികളും ബലാത്സംഗികളായ സന്യാസിമാരും സംരക്ഷിക്കപ്പെടുകയും പലപ്പോഴും ആദരിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ജനാധിപത്യപരമായി വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമ്പോഴും അധികാരികളോട് സത്യം തുറന്നു പറയുമ്പോഴും പ്രതിഭാശാലികളും ബുദ്ധിജീവികളും എഴുത്തുകാരും കലാകാരന്‍മാരും അപമാനിക്കപ്പെടുകയും അവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയും ചെയ്യുന്നത്. ഇതൊക്കെ ബോധ്യപ്പെടുമ്പോഴാണ് നമ്മുടെ ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും തുരുമ്പു പിടിച്ചിരിക്കുന്നു എന്ന് തിരിച്ചറിയുന്നത്.
ജനാധിപത്യത്തിന്റെയും പൗര സ്വാതന്ത്ര്യത്തിന്റെയും നേരേയുള്ള ഈ വെല്ലുവിളികള്‍ക്കെതിരെ സമൂഹ മനസ്സാക്ഷി ഒന്നാകെ ഉണര്‍ന്നു പ്രതിഷേധിക്കണമെന്നും പ്രതികരിക്കണമെന്നും കേളി സാംസ്‌കാരിക വിഭാഗം പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു.






