പന്ത്രണ്ട് മണിക്കകം ഫ്‌ളാറ്റ് ഒഴിയണം; സാധനങ്ങള്‍ മാറ്റാന്‍ സമയം പരിഗണിക്കാം: പോലീസ്

മരട്‌: മരടിലെ ഓരോ ഫ്‌ളാറ്റ് ഉടമയും ഒഴിഞ്ഞു പോയതായി കത്ത് നല്‍കണം എന്ന് പോലീസ്. വീട്ടിലെ സാധനങ്ങള്‍ മാറ്റാന്‍ എത്ര സമയം വേണമെന്ന് അറിയിച്ചാല്‍ അത് പരിഗണിക്കാം എന്നും പോലീസ് വ്യക്തമാക്കി. ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിഞ്ഞു പോകാനുള്ള സമയം ഇന്ന് വൈകുന്നേരം അഞ്ചു മണിയായിരുന്നു. എന്നാല്‍ സമയ പരിധി പന്ത്രണ്ട് മണിവരെ നീട്ടിയിട്ടുണ്ട്.

പുനരധിവാസം നല്‍കാതെ ഒഴിഞ്ഞു പോകില്ലെന്നും കത്ത് നല്‍കിയില്ലെന്നും ഉടമകള്‍ പറഞ്ഞു. ഒഴിഞ്ഞു പോകാന്‍ വേറെ സ്ഥലമില്ലെന്നും വൈദ്യുതി, ജല വിതരണം പുന:സ്ഥാപിച്ച് രണ്ടാഴ്ചത്തെ സമയം കൂടി വേണമെന്നും കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ആവശ്യം തള്ളുക ആണുണ്ടായത്.

നഗര സഭയുടെ അപേക്ഷ അനുസരിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക ഫണ്ടില്‍ നിന്നും ഒരു കോടി രൂപ പുനരധിവാസം വേഗത്തില്‍ ആക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം അനുവധിച്ചിട്ടുണ്ട്.