തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ടു സൗദിയിൽ പുതിയ നിയമാവലി നടപ്പാക്കുന്നു

പുതിയ നിയമാവലി ഈ മാസം 20 ന് പ്രാബല്യത്തിൽ വരും.

റിയാദ്: സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ സ്വകാര്യത, അന്തസ്സ്, വ്യക്തിസ്വാതന്ത്ര്യം എന്നിവക്ക് തടസ്സമായി നിൽക്കുന്ന രീതിയിൽ തൊഴിലിടങ്ങളിലെ നിയമ ലംഘനങ്ങൾക്കെതിരായ പെരുമാറ്റച്ചട്ടം സൗദിയിൽ നിലവിൽ വന്നു. തൊഴിൽ, സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽ രാജിഹി പുതിയ പെരുമാറ്റച്ചട്ടത്തിന് അംഗീകാരം നൽകി.

നിയമാവലി ഈ മാസം ഒക്ടോബർ 20 ന് പ്രാബല്യത്തിൽ വരും. തൊഴിലന്തരീക്ഷം മെച്ചപ്പെടുത്തുക, തൊഴിലന്വേഷകർക്ക് തൊഴിലിടങ്ങൾ കൂടുതൽ ആകർഷണീയമാക്കുക, ലിംഗത്വ വ്യത്യാസമില്ലാതെ എല്ലാ തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുക തുടങ്ങിയവ ഇതിലൂടെ ലക്ഷ്യമാക്കുന്നുവെന്ന് തെഴിൽ മന്ത്രാലയം വാക്താവ് ഖാലിദ് അബുൽ ഖൈൽ വിശദീകരിച്ചു.

നിലവിലെ തൊഴിൽ നിയമം, തൊഴിലിടങ്ങളിലെ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള മന്ത്രിസഭയുടെ തീരുമാനങ്ങൾ, തൊഴിൽ മേഖലയിലെ പീഡനങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര നിയമങ്ങൾ, ആഗോള നടപടിക്രമങ്ങൾ എന്നിവയെ ആധാരമാക്കിയാണ് പുതിയ തൊഴിൽ പെരുമാറ്റച്ചട്ടങ്ങൾ നിർമ്മിച്ചിട്ടുള്ളതെന്നും അബുൽ ഖൈൽ സൂചിപ്പിച്ചു.

സ്വകാര്യമേഖലയിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുമായുള്ള നിരവധി ശിൽപശാലകളിലൂടെ ഇത് അവതരിപ്പിക്കുകയും പരിഷ്കരിക്കുകയും ചെയ്തു, ഒപ്പം അവയെക്കുറിച്ചുള്ള പൊതുജാനാഭിപ്രായം സ്വീകരിക്കുന്നതിനായി ഇതിന്റെ കരട് കോപ്പി പരസ്യപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലിടങ്ങളിലെ പെരുമാറ്റ ലംഘനങ്ങൾക്കെതിരായ സുരക്ഷയുടെ നിർവചനവും പരിധിയും, ഇത്തരം സാഹചര്യങ്ങളിൽ സ്ഥാപനം സ്വീകരിക്കേണ്ട പൊതുവായ പ്രതിരോധ നടപടികൾ, തൊഴിലാളികളുടെ സംരക്ഷണം വർദ്ധിപ്പിക്കുന്നതിന് സ്ഥാപനം സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച് അന്വേഷിക്കുന്ന സമിതിയുടെ അധികാരങ്ങൾ തുടങ്ങിയവയുടെ വിശദീകരണങ്ങളും തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കും മാർഗ്ഗനിർദ്ദേശം ലഭിക്കുന്നതിനായി നിരവധി ഗൈഡിംഗ് മോഡലുകലും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അബുൽ ഖൈൽ പറഞ്ഞു.

തൊഴിലിടങ്ങളിലെ പീഡനമെന്നാൽ ഒരു കക്ഷി മറ്റൊരു കക്ഷിക്കെതിരെ നടത്തുന്ന ഏതുതരം ഉപദ്രവങ്ങളും അർത്ഥമാക്കുന്നുവെന്ന് മന്ത്രാലയ വക്താവ് പ്രസ്താവിച്ചു; ലൈംഗിക പീഡനം, ലിംഗ വിവേചനം, ആക്ഷേപം, ശകാരം, ചീത്ത പറയൽ, പരിഹസിക്കൽ, അഭിമാനത്തിന് ക്ഷതമേൽപ്പിക്കൽ, വനിതാ ജീവനക്കാരുമായി ഒറ്റപ്പെടുക, നിസ്സാരമാക്കൽ, അധികഭാരം എടുപ്പിക്കൽ, തൊഴിൽ സമയത്തിനപ്പുറം ജോലി ചെയ്യിപ്പിക്കൽ തുടങ്ങി ഏതെങ്കിലും തരത്തിലുള്ള ശാരീരികമായോ മാനസികമായോ ഉള്ള എല്ലാത്തരം പീഡനങ്ങളും ഇതിന്റെ പരിധിയിൽപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഔദ്യോഗീക ജോലി സമയത്തും അല്ലാത്തപ്പോഴും ജോലിസ്ഥലത്തും പുറത്തും തൊഴിലാളികൾ സ്വീകരിക്കേണ്ട പെരുമാറ്റച്ചട്ടവും സ്വഭാവ രീതികളും ഇതിൽ പ്രതിപാദിക്കുന്നുണ്ടെന്നും തെഴിൽ മന്ത്രാലയം വാക്താവ് ഖാലിദ് അബുൽ ഖൈൽ വ്യക്തമാക്കി.